പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം; പ്രധാനമന്ത്രി എന്തും പറയട്ടെ എന്ന് സോണിയ

ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിങ്ങിനെ പുറത്താക്കുക, നാഷണൽ ഹെറാൾഡ് കേസിൽ രാഷ്ട്രീയ പകപോക്കൽ അവസാനിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം. കേന്ദ്രസർക്കാറിന്‍റെ പകപോക്കൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നീതി ലഭിക്കണമെന്ന മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് ഇരുസഭകളിലെ നടപടികൾ നിർത്തിവെച്ചു. വി.കെ സിങ് നിരുപാധികം മാപ്പു പറയണമെന്ന് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു.

സോണിയയുടെയും രാഹുലിന്‍റെയും വ്യക്തി താൽപര്യത്തിന് വേണ്ടിയാണ് പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്നതെന്ന് ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈൻ ആരോപിച്ചു. ഇതെല്ലാം രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചിലരുടെ തോന്നലിന് അനുസരിച്ചല്ല ജനാധിപത്യമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനക്ക് സോണിയ ഗാന്ധി ഇന്ന് മറുപടി നൽകി. പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ളതെന്തും പറയാമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

പാക് സന്ദർശനത്തെകുറിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തിയില്ല. ഡിസംബർ 14ന് പ്രസ്താവന നടത്തുമെന്ന് പാർലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.

പിന്നാക്ക വിഭാഗക്കാരെ ആക്ഷേപിക്കുന്നവിധം ‘നായ’ പ്രയോഗം നടത്തിയ കേന്ദ്രമന്ത്രി വി.കെ. സിങ്ങിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് നടപടികൾ കഴിഞ്ഞ ദിവസങ്ങളിലും തടസപ്പെട്ടിരുന്നു. ഫരീദാബാദില്‍ രണ്ടു ദലിത് കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവം പരാമര്‍ശിക്കുമ്പോഴാ‍യിരുന്നു വി.കെ. സിങ്ങിന്‍റെ വിവാദ പ്രതികരണം. ആരെങ്കിലും നായയെ കല്ലെറിഞ്ഞാല്‍, അതിനും കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് സിങ് പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.