കാഞ്ചിപുരം: പ്രളയം നക്കിത്തുടച്ച തമിഴ് ഗ്രാമങ്ങളുടെ അവസ്ഥ ഇപ്പോഴും ശോചനീയം. കാഞ്ചിപുരം ജില്ലയിലെ ഉൾനാടൻ ഗ്രാമങ്ങളായ നഗൻകൊല്ലി, അമൻജികരൈ, പൂഞ്ഞാണ്ടലം തുടങ്ങിയ ആദിവാസിഗ്രാമങ്ങളെ പ്രളയം പാടെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്.
വീടും കൃഷിയും ഉപജീവനമാർഗങ്ങളും ഇല്ലാതായ ഇവിടങ്ങളിലെ ജനതകടുത്ത അവഗണനയിലുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചെന്നൈയിലും പരിസരങ്ങളിലും കേന്ദ്രീകരിച്ചപ്പോൾ പ്രളയം കാര്യമായി ബാധിച്ച ഗ്രാമീണമേഖല പലതും അവഗണിക്കപ്പെടുകയായിരുന്നു. അതിനാൽ ഇവിടങ്ങളിലുള്ളവരുടെ ദുരിതംകാണാൻ അധികമാരും എത്തിയതുമില്ല.

ഹ്യൂമൻ കെയർ ഫൗണ്ടേഷെൻറ നേതൃത്വത്തിലുള്ള റിലീഫ് സംഘമാണ് ഇപ്പോൾ ഇവിടെ കാര്യമായി പ്രവർത്തിക്കുന്നത്. കാഞ്ചിപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ ഡെവലപ്മെൻറ് ട്രസ്റ്റ് സെക്രട്ടറി അഞ്ജലിയാണ് ഈ ഗ്രാമങ്ങളിലെ ദുരിതം ഹ്യൂമൻ കെയർ ഫൗണ്ടേഷെൻറ ശ്രദ്ധയിലെത്തിച്ചത്. ഇതേത്തുടർന്നാണ് ഫൗണ്ടേഷൻ സെക്രട്ടറി നജീബ് കുറ്റിപ്പുറത്തിെൻറ നേതൃത്വത്തിലുള്ള ടീം അരിയും ഭക്ഷണസാധനങ്ങളുമടങ്ങിയ കിറ്റുകളുമായി കാഞ്ചിപുരം ഗ്രാമങ്ങളിലേക്ക് കുതിച്ചത്.

നഗൻകൊല്ലി, അമൻജികരൈ, പുഞ്ഞാണ്ടലം എന്നീ ഗ്രാമങ്ങളിൽ 600ലേറെ കുടിലുകൾ പ്രളയത്തിൽ പൂർണമായി തകരുകയോ ഒലിച്ചുപോവുകയോ ചെയ്തിട്ടുണ്ടെന്ന് നജീബ് പറഞ്ഞു. കുടിലുകളിലുണ്ടായിരുന്ന വസ്ത്രങ്ങളുൾപ്പെടെ സർവവും ഒലിച്ചുപോയതിനാൽ ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ഗ്രാമീണർ.

പയർ, നെല്ല്, റാഗി എന്നിവയാണ് ഇവിടത്തെ കൃഷി. പ്രളയത്തിൽ കൃഷി പാടെ ഒലിച്ചുപോയിട്ടുണ്ട്. ഒപ്പം ഉപജീവനത്തിന് പോറ്റിയ ആടുമാടുകളും. ഈ ഗ്രാമങ്ങളിലെ ആയിരത്തിലേറെ ആടുമാടുകളുടെ ജീവനും പ്രളയം കവർന്നെടുത്തിട്ടുണ്ട്. പുതുച്ചേരി–ചെന്നൈ റൂട്ടിൽ പാലർ പുഴക്ക് കുറുകെയുള ‘പാലാർപാലം’ ഭാഗികമായി തകർന്നതിനാൽ ഈ ഭാഗങ്ങളിലേക്ക് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. എല്ലാംകൊണ്ടും ഒറ്റപ്പെട്ട ഈ ഗ്രാമങ്ങൾ തീർത്തും പട്ടിണിയുടെ പിടിയിലാണിപ്പോൾ. കാഞ്ചിപുരം ജില്ലയിൽ മാത്രം 167 പേർ മരിച്ചതായാണ് കണക്ക്.

തലസ്ഥാനമായ ചെന്നൈയിൽനിന്ന് അധികൃതരാരും ഇങ്ങോട്ട് എത്തിയിട്ടില്ലെന്ന് ഗ്രാമീണർ പരിഭവം പറഞ്ഞു. ഹ്യൂമൻ കെയർ ഫൗണ്ടേഷെൻറ കീഴിലുള്ള ദുരന്തനിവാരണ വിഭാഗമായ ‘ആക്ഷൻ’ ഗ്രാമീണരെ പുനരധിവാസ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. സഹായിക്കാൻ താൽപര്യമുള്ളവർ ഹ്യൂമൻ കെയർ ഫൗണ്ടേഷൻ സെക്രട്ടറിയെ 9447046003 നമ്പറിൽ ബന്ധപ്പെടാം. ഈ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാടെ അടഞ്ഞുകിടക്കുകയാണ്. എല്ലാ ജീവിതമാർഗവും അടഞ്ഞ് വീടോ ജോലിയോ  ഇല്ലാതെ ഉപജീവനമാർഗം തെളിയാതെ തീർത്തും അനിശ്ചിതാവസ്ഥയിലാണ് ഈ ഗ്രാമങ്ങൾ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.