നാഷനല്‍ ഹെറാള്‍ഡ് കേസ്‌: സോണിയക്കും രാഹുലിനും കുരുക്ക് മുറുകുന്നു

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ്  പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്‍െറ ഉടമസ്ഥാവകാശം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത് തങ്ങളറിയാതെയാണെന്ന് പ്രമുഖ ഓഹരി ഉടമകള്‍. ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു, ശാന്തിഭൂഷണ്‍ തുടങ്ങി പത്തോളം ഓഹരി ഉടമകളാണ് രംഗത്തുവന്നത്. ഇവരില്‍ പലരും  നിയമയുദ്ധത്തിന് തയാറെടുത്തതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പ്രമാദമായ കേസില്‍ കുരുക്ക് മുറുകി. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ ഓഹരികളുണ്ടായിരുന്ന വിശ്വാമിത്രയുടെ മകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തിഭൂഷണും ഉടമസ്ഥതാ മാറ്റം ചോദ്യം ചെയ്തു.
തങ്ങളുടെ പേരിലുള്ള ഓഹരികള്‍ മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കുമെന്നും സോണിയക്കും രാഹുലിനുമെതിരെയുള്ള കേസിന്‍െറ ഭാഗമാകുമെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു.
തന്‍െറ മുത്തച്ഛന് ഷെയറുണ്ടായിരുന്ന ഈ കമ്പനിയെക്കുറിച്ച് ആദ്യമായിട്ടാണ് താന്‍ കേള്‍ക്കുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു പറഞ്ഞു.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്‍െറ ഏഴ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളാണ് മാര്‍കണ്ഡേയ കട്ജുവിന്‍െറ മുത്തച്ഛന്‍ കൈലാഷ്നാഥ് കട്ജു. കൈലാഷ്നാഥ് കട്ജുവിന് 131 ഓഹരികളാണുണ്ടായിരുന്നത്. പത്ത് ഓഹരികള്‍ കൈവശമുള്ള മുന്‍ കോണ്‍ഗ്രസ് എം.പി വിശ്വബന്ധു ഗുപ്തയും ഇത്തരമൊരു തീരുമാനമെടുത്ത യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ളെന്നു പറഞ്ഞു.
2008 സെപ്റ്റംബര്‍ 30ന് കമ്പനി പറുത്തുവിട്ട പട്ടിക പ്രകാരം 1000ല്‍ പരം ഓഹരി ഉടമകളില്‍ പലരും കോണ്‍ഗ്രസ് ഭാരവാഹികളും മറ്റു പലരും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരുമാണ്. നടന്‍ അമിതാഭ് ബച്ചന്‍െറ വിലാസത്തിലുള്ള ‘അഭിം ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡ്’ എന്ന, അധികമാരും കേള്‍ക്കാത്ത നിക്ഷേപ സ്ഥാപനത്തിന്‍െറ പക്കലാണ് ഒരു ലക്ഷം ഷെയറുകള്‍. പ്രമുഖ വനിതാ വ്യവസായിയും ഭാരത് ഹോട്ടല്‍ സി.എം.ഡിയുമായ ജ്യോത്സ്ന സുരിക്ക് 50,000 ഓഹരിയുണ്ട്.  മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.ഡി. പ്രധാന്‍ നിയമോപദേശകനായ രത്തന്‍ദീപ് ട്രസ്റ്റിന് 47, 513 ഓഹരിയുണ്ട്.
ഗുലാം നബി ആസാദ്, മുന്‍ കേന്ദ്ര മന്ത്രി സയ്യിദ് സിബ്തെ റാസി, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍െറ ഭര്‍തൃപിതാവ് ഉമാ ശങ്കര്‍ ദീക്ഷിത് എന്നിവര്‍ ഓഹരി പങ്കാളികളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.