ജി.എസ്.ടി ബില്‍ രാജ്യസഭയിലേക്ക്; കോണ്‍ഗ്രസ് സഹകരിക്കില്ല

ന്യൂഡല്‍ഹി: സര്‍ക്കാറും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും  തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ, സര്‍ക്കാര്‍ ജി.എസ്.ടി (ചരക്കു സേവന നികുതി) ബില്‍  രാജ്യസഭയില്‍ അവതരിപ്പിക്കും. ഈ ആഴ്ചത്തെ രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ജി.എസ്.ടി ബില്ലിന്‍െറ ചര്‍ച്ചക്കും പാസാക്കുന്നതിനുമായി നാലു മണിക്കൂറാണ് നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍, ബില്‍ പാസാക്കാന്‍ സഹകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സൂചന നല്‍കിയിട്ടില്ളെന്നിരിക്കെ സര്‍ക്കാര്‍ നീക്കം നടക്കുമോയെന്ന് സംശയമാണ്. ജി.എസ്.ടിക്ക് വലിയ പ്രാധാന്യം കല്‍പിക്കേണ്ടതില്ളെന്നും  അതുപോലുള്ള പ്രാധാന്യമേറിയ ഒട്ടേറെ ബില്ലുകള്‍  പാര്‍ലമെന്‍റില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.  ജി.എസ്.ടി പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍  തല്‍കാലം അത് അനുവദിക്കേണ്ടതില്ളെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ളെന്ന സൂചനയാണ് ആനന്ദ് ശര്‍മയുടെ വാക്കുകള്‍.  
ലോക്സഭ പാസാക്കിയ ജി.എസ്.ടി ബില്‍ രാജ്യസഭയില്‍ പാസാകണമെങ്കില്‍ കോണ്‍ഗ്രസിന്‍െറ പിന്തുണ കൂടിയേ തീരൂ. രാജ്യസഭയില്‍ കോണ്‍ഗ്രസിനാണ് അംഗബലത്തില്‍ മുന്‍തൂക്കം. കഴിഞ്ഞാഴ്ച രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും സോണിയക്കും രാഹുലിനുമെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസ് വന്നതോടെ ക്ഷുഭിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ആഴ്ച മുഴുവന്‍ സഭ തടസ്സപ്പെടുത്തി. നാഷനല്‍ ഹെറാള്‍ഡ് കേസും ജി.എസ്.ടി ബില്ലുമായി ബന്ധമില്ളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്കെതിരായ കേസില്‍ ബി.ജെ.പിയുടെ ഇടപെടലുണ്ടെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ്  നേതൃത്വം തിരിച്ചടിയായി കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് സുപ്രധാനമായ ജി.എസ്.ടി ബില്‍ പരമാവധി വൈകിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.