സഭ പ്രക്ഷുബ്ധമായി; മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്.എന്‍.ഡി.പിയാണെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ആര്‍.ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് കേരള മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ബഹളം. മുഖ്യമന്ത്രിയെ  ഒഴിവാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോ ബി.ജെ.പിക്കോ ഒരു പങ്കുമില്ളെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എസ്.എന്‍.ഡി.പിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും സഭയെ അറിയിച്ചു.
രാവിലെ സമ്മേളിച്ചതു മുതല്‍ വന്‍ പ്രതിഷേധമാണ് ലോക്സഭയില്‍ അരങ്ങേറിയത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ പ്രതിപക്ഷ എം.പി കെ.സി വേണുഗോപാല്‍ വിഷയം ഉന്നയിച്ച് രംഗത്തത്തെി. നേരത്തെ മുഖ്യമന്ത്രിയുടെ പേര് അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചുകൊടുത്തതിനുശേഷമാണ് മുഖ്യമന്ത്രിയുടെ പേര് അതില്‍ നിന്നൊഴിവായതെന്നും വേണുഗോപാല്‍ പറഞ്ഞു. ആരാണ് ഇടപെടല്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇതിനുളള മറുപടിയായിട്ടാണ് രാജ്നാഥ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു പങ്കുമില്ളെന്നും കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത് എസ്.എന്‍.ഡി.പിയാണെന്നും അറിയിച്ചത്.  ഇതൊരു സ്വകാര്യ ചടങ്ങാണ്. പ്രധാനമന്ത്രിയെ ക്ഷണിച്ചതു കൊണ്ടാണ് അദ്ദേഹം പങ്കെടുക്കുന്നതെന്നും രാജ്നാഥ് സിങ് പ്രതികരിച്ചു. ഇതോടെ സഭ വീണ്ടും പ്രതിഷേധത്തില്‍ മുങ്ങി. തുടര്‍ന്ന് സംസാരിച്ച രാജീവ് പ്രതാപ് റൂഡി എം.പി കേരള മുഖ്യമന്ത്രി സ്വയം മാറി നിന്നതാണെന്ന് കാണിക്കുന്ന കത്തുമായി രംഗത്തത്തെി. ഇതിനിടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും വിഷയം കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി തന്നെ സഭയില്‍ ഉന്നയിച്ചു. ഇത് ദേശീയ തലത്തില്‍ തന്നെ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. രാജ്യസഭയിലും വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തത്തെി. ഇതെതുടര്‍ന്ന് അവിടെയും സഭാനടപടികള്‍ക്ക് തടസ്സം നേരിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.