അരുണാചല്‍ മുഖ്യമന്ത്രിയെ ‘പുറത്താക്കി’

ഇട്ടനഗര്‍: രാഷ്ട്രീയ നാടകം തുടരുന്ന അരുണാചല്‍പ്രദേശില്‍ വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രതിപക്ഷ ബി.ജെ.പി എം.എല്‍.എമാരും ഹോട്ടലില്‍ ‘നിയമസഭാ യോഗം’ ചേര്‍ന്ന് മുഖ്യമന്ത്രി നബാം തുകിക്കെതിരെ ‘അവിശ്വാസ പ്രമേയം’ പാസാക്കി. വിമത കോണ്‍ഗ്രസ് എം.എല്‍.എ കലിഖോ പുലിനെ പുതിയ ‘മുഖ്യമന്ത്രി’യായി തെരഞ്ഞെടുത്തു.

സര്‍ക്കാറുമായി ആലോചിക്കാതെ ഗവര്‍ണര്‍ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ചതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്‍റിലും പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് നടപടി. ഒൗദ്യോഗികപക്ഷത്തോടൊപ്പമുള്ള സ്പീക്കര്‍ നബാം റെബിയയുടെ നിര്‍ദേശത്തെതുടര്‍ന്ന് ജില്ലാ ഭരണകൂടം നിയമസഭാ പരിസരം അടച്ച് സീല്‍ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭാ പരിസരത്തെ കമ്യൂണിറ്റിഹാളില്‍ ഇവര്‍ യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റെബിയയെ ‘ഇംപീച്ച്’ ചെയ്തിരുന്നു. വ്യാഴാഴ്ച വിമതരും ബി.ജെ.പി എം.എല്‍.എമാരും ഒരു ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. ഗവര്‍ണര്‍ ജെ.പി. രാജ്ഗോവയുടെ അനുമതിയോടെയായിരുന്നു ഇത്. അതേസമയം, സമ്മേളനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി നബാം തുകിയും അദ്ദേഹത്തോടൊപ്പമുള്ള 26 എം.എല്‍.എമാരും സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നു.

കോണ്‍ഗ്രസ് വിമതനായ ഡെപ്യൂട്ടി സ്പീക്കര്‍ ടി. നോര്‍ബു തോങ്ഡോക് ആണ് അധ്യക്ഷത വഹിച്ചത്. അവിശ്വാസപ്രമേയം പാസാക്കിയശേഷം അദ്ദേഹം ‘സഭ’ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു. 11 ബി.ജെ.പി എം.എല്‍.എമാരും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും ചേര്‍ന്നാണ് ‘അവിശ്വാസ പ്രമേയം’ അവതരിപ്പിച്ചത്. 20 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 33 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.
60 അംഗങ്ങളാണ് അരുണാചല്‍ നിയമസഭയിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.