ന്യൂഡൽഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരായ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ അവധിക്കാല ബഞ്ചാണ് മൂന്നാം കേസായി ഹരജി പരിഗണിക്കുക. കുറ്റവാളിയുടെ മോചനത്തിനെതിരെ ഡല്‍ഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് ശനിയാഴ്ച അര്‍ധരാത്രി സുപ്രീംകോടതിയെ സമീപിച്ച് സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.
കേസ് രാത്രി പരിഗണിക്കണമെന്ന വനിതാ കമീഷന്‍റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹരജി അവധിക്കാല ബഞ്ചിന് കൈമാറി ഉത്തരവിടുകയായിരുന്നു. കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ചീഫ് ജസ്റ്റിനെ സന്ദർശിക്കുകയും ചെയ്തു.
അതേസമയം, കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിന് മുമ്പില്‍ പ്രതിഷേധവുമായെത്തിയ ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കളെ പൊലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. വെറുതെവിടാന്‍ പ്രതിക്കെന്താ നൊബല്‍ സമ്മാനം ലഭിച്ചിട്ടുണ്ടോയെന്ന് ജ്യോതിയുടെ പിതാവ് ബന്ദരീനാഥ് ചോദിച്ചു. തങ്ങള്‍ക്കാണോ അതോ കുറ്റവാളിക്കാണോ നീതി ലഭിക്കുകയെന്ന് സര്‍ക്കാറിനോട് ചോദിക്കാൻ ആഗ്രഹിക്കുന്നതായി മാതാവ് ആഷ ദേവി മാധ്യമങ്ങളോട് പറഞ്ഞു. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി വനിത കമീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജ്യോതി സിങ്ങിന്‍റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത് തന്നെ ഞെട്ടിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. അവരെ വെറുതെ വിടാനായി പൊലീസിനോട് സംസാരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും കെജ്രിവാള്‍ അറിയിച്ചു.
അതിനിടെ, സുരക്ഷ കണക്കിലെടുത്ത് കുട്ടിക്കുറ്റവാളിയെ നിരീക്ഷണ ഭവനത്തില്‍ നിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളെ അതീവ രഹസ്യമായി മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ കൈമാറാനാണ് നിര്‍ദേശം. ഡല്‍ഹി തിമര്‍പുരിലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇയാളെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാറും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും ആശയക്കുഴപ്പത്തിലാണ്. ശിക്ഷാകാലാവധി അവസാനിക്കുന്ന ഞായറാഴ്ച പ്രതിയെ മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
പ്രതിയുടെ സ്വദേശം ഉത്തർപ്രദേശിലെ ബദായൂനാണ്. അവിടേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും അനുവദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കേസിലെ മറ്റ് മൂന്നു പ്രതികൾ വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുകയാണ്. ഒരു പ്രതി വിചാരണക്കിടെ ജയിലിൽ ജീവനൊടുക്കിയിരുന്നു.
ദേശീയ വനിതാ കമീഷനും ഡല്‍ഹി സംസ്ഥാന വനിതാ കമീഷനും പ്രതിയുടെ മോചനത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഡല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് കത്തും നല്‍കി. ഹേമമാലിനി ഉള്‍പ്പെടെയുള്ള എം.പിമാരും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ 18 തികയാന്‍ മാസങ്ങള്‍മാത്രം ബാക്കിയുള്ളതിനാല്‍ മാത്രം കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ട ഇയാളെയും മറ്റു പ്രതികളെ പോലെ വിചാരണ ചെയ്യണമെന്ന ആവശ്യവുമുണ്ട്.
മാനഭംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നും ഇടയിലുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കി ഐ.പി.സി പ്രകാരം വിചാരണ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുണ്ട്. തുടര്‍ച്ചയായ സഭാസ്തംഭനം കാരണം ബില്‍ പാസാക്കാനാകാത്തതാണ് കുട്ടിക്കുറ്റവാളിയുടെ മോചനത്തിന് വഴിയൊരുക്കിയത്.
I am shocked to learn that Nirbhaya's parents have been detained. They shud immediately be released
— Arvind Kejriwal (@ArvindKejriwal) December 19, 2015
Police action against Nirbhaya's parents is unacceptable. I have asked Chief Secy to talk to Police commissioner and get them released
— Arvind Kejriwal (@ArvindKejriwal) December 19, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.