ഗുവാഹതി/ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശ് മന്ത്രിസഭയുടെ അനുമതിയില്ലാതെ നിയമസഭാ സമ്മേളനം നേരത്തെയാക്കിയ ഗവര്‍ണറുടെ വിജ്ഞാപനം ഹൈകോടതി ഫെബ്രുവരി ഒന്നുവരെ സ്റ്റേചെയ്തു. മന്ത്രിസഭയുടെ സഹായത്തോടെയാണ് ഗവര്‍ണര്‍ ചുമതല നിര്‍വഹിക്കേണ്ടതെന്നും പ്രതിപക്ഷ എം.എല്‍.എമാരുടെ ആവശ്യപ്രകാരം നിയമസഭാ സമ്മേളനം നേരത്തെയാക്കിയത് കളങ്കമുണ്ടാക്കിയെന്നും ഹൈകോടതി വ്യക്തമാക്കി.
ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. രാഷ്ട്രീയ അസ്ഥിരതയില്‍ ഉലയുന്ന കോണ്‍ഗ്രസ് സര്‍ക്കാറിന് ഹൈകോടതി ഉത്തരവ് ആശ്വാസം പകരുന്നതാണ്.
അതേസമയം, ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്കോവ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും ഏജന്‍റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പാവയെപ്പോലെയാണ് പെരുമാറുന്നത്. അദ്ദേഹം രാജ്ഭവനെ ആര്‍.എസ്.എസ് ഓഫിസാക്കി. ഭരണഘടനാ തലവനെന്ന നിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നും ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാറാണ് ഗവര്‍ണറെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ അധികാരത്തിലത്തെിയശേഷം ബി.ജെ.പി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചു.
വളഞ്ഞ വഴിയില്‍ അരുണാചല്‍പ്രദേശ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നതും ഡല്‍ഹി സെക്രട്ടേറിയറ്റിലെ സി.ബി.ഐ റെയ്ഡും ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.