നേതാക്കളെ കൊള്ളാതെ കോടതി മുറി; ജയ് വിളികളുമായി അഭിഭാഷക നിര

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിന് അഭിമുഖമായി നില്‍ക്കുന്ന പട്യാല കോടതി സമുച്ചയത്തില്‍ പ്രധാന കെട്ടിടത്തിലൂടെ കയറിച്ചെല്ലുമ്പോള്‍ വലതുഭാഗത്തുള്ള രണ്ടാം നമ്പര്‍ കോടതിയിലായിരുന്നു രാജ്യം കാത്തിരുന്ന കേസ് ശനിയാഴ്ച പരിഗണിച്ചത്. മജിസ്ട്രേറ്റിന്‍െറ ഭാഷയില്‍, രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയുടെ ആഴത്തില്‍ വേരുകളുള്ള നേതാക്കളെ ഉള്‍ക്കൊള്ളാനാകാതെ രണ്ട് ഡസന്‍ പേര്‍ക്കിരിക്കാന്‍പോലും സൗകര്യമില്ലാത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വീര്‍പ്പുമുട്ടി. പാസ് ലഭിച്ച പത്രക്കാരെപോലും വാതില്‍ക്കലേക്ക് മാറ്റിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതിമുറിയില്‍ സ്ഥലമൊരുക്കിയത്.

ഉന്നത നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ സോണിയയുടെ വീട് നില്‍ക്കുന്ന ജന്‍പഥ് മുതല്‍ പട്യാല കോടതി സമുച്ചയം സ്ഥിതിചെയ്യുന്ന ഇന്ത്യാഗേറ്റ് വരെ കനത്ത സുരക്ഷാവലയത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് സമ്മേളനങ്ങളെ അനുസ്മരിപ്പിക്കുമാറ് ന്യൂഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ സോണിയാജി, രാഹുല്‍ ജി ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്ന് ബോര്‍ഡുകളുയര്‍ന്നിരുന്നു. സോണിയക്കും രാഹുലിനും പിന്തുണ പ്രഖ്യാപിച്ചു നൂറുകണക്കിന് പ്രവര്‍ത്തകര്‍ എ.ഐ.സി.സി ആസ്ഥാനത്തത്തെി. സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ നിന്നും നിരവധി പേരുണ്ടായിരുന്നു.  കോടതിയിലേക്ക് പോകും മുമ്പേ ഗുലാം നബി ആസാദിന്‍െറ ഒൗദ്യോഗിക വസതിയില്‍ സോണിയയും രാഹുലും ഒഴികെ നേതാക്കള്‍ യോഗം ചേര്‍ന്നു. ഉച്ചക്ക് 2.30 ആയപ്പോഴേക്കും പരാതിക്കാരനായ സുബ്രമണ്യന്‍ സ്വാമി അഭിഭാഷകയായ ഭാര്യക്കൊപ്പം ആദ്യം കോടതിയിലത്തെി. നാഷനല്‍ ഹെറാള്‍ഡ് കേസിന്‍െറ പേരില്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വീട് നല്‍കിയതുപോലെ, കോടതിവളപ്പിലും അദ്ദേഹത്തിന് എസ്.പി.ജി സംരക്ഷണമുള്ള സോണിയക്കും രാഹുലിനും ലഭിക്കുന്നതിനേക്കാള്‍ മുന്തിയ പരിഗണന ലഭിച്ചു.

അതിനുപിറകെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി, അഹ്മദ് പട്ടേല്‍, സുമന്‍ ദുബെ തുടങ്ങിയവര്‍ എത്തി. അതിനുപിറകെയാണ് പ്രിയങ്ക ഗാന്ധി, എ.കെ. ആന്‍റണി, അംബികാ സോണി, മോത്തിലാല്‍ വോറ, മുഹ്സിന കിദ്വായി, മുന്‍ സ്പീക്കര്‍ മീരാകുമാര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ഗുലാം നബി ആസാദ്, കുമാരി ഷെല്‍ജ, ഷീലാ ദീക്ഷിത് തുടങ്ങി ഒരു ഡസനോളം ഉന്നത നേതാക്കള്‍ ഒരുമിച്ചുവന്നത്. പിന്നീടാണ് കപില്‍ സിബലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങുമത്തെിയത്.  കോടതി ചേരാന്‍ 15 മിനിറ്റ് മാത്രം അവശേഷിക്കേ സോണിയയും രാഹുലും ഒരുമിച്ച് ചിരിച്ച് കൈവീശി കോടതിഗേറ്റില്‍ വാഹനമിറങ്ങി നടന്നു വന്നു. കോടതി വളപ്പിനുള്ളില്‍ വടംകെട്ടി തടഞ്ഞുനിര്‍ത്തിയ അഭിഭാഷക നിരയൊന്നടങ്കം നിയന്ത്രണം ഭേദിച്ച് മുദ്രാവാക്യം വിളി തുടങ്ങി. കോടതി വാതില്‍ വരെ നീണ്ടുനിന്ന അഭിഭാഷകര്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും സിന്ദാബാദ് വിളിച്ചു. അതെല്ലാം കണ്ടാണ് മുന്‍വാതിലിലൂടെ വന്ന സുബ്രമണ്യന്‍ സ്വാമിയെ പൊലീസ് പിന്‍വാതിലിലൂടെ കോടതിക്ക് പുറത്തേക്ക് മാറ്റിയത്.


പരസ്പരം നോക്കാതെ സ്വാമിയും സോണിയയും
ന്യൂഡല്‍ഹി: ഇടുങ്ങിയ കോടതിമുറിയുടെ ഇടതുംവലതുമായി ഹരജിക്കാരനായി സുബ്രമണ്യന്‍ സ്വാമിയും പ്രധാന പ്രതിയായി സോണിയ ഗാന്ധിയും നിന്നു. പ്രതികള്‍ക്ക് നില്‍ക്കാനുള്ള ജഡ്ജിയുടെ ഇടതുഭാഗത്ത് സോണിയക്കൊപ്പം രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറയും ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസും. അവര്‍ക്കുപിന്നില്‍ ജാമ്യക്കാരായ പ്രിയങ്കയും ആന്‍റണിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും. സോണിയയെയും രാഹുലിനെയും അനുഗമിച്ച രണ്ടാംനിര നേതാക്കള്‍ക്കായിരുന്നു കോടതിയില്‍ നിരത്തിയ കസേരകളില്‍ ഇരിക്കാനുള്ള നിയോഗം.
വാദങ്ങള്‍ കഴിയുംവരെ ഒരേ നില്‍പുനിന്നിട്ടും ഒരിക്കല്‍പോലും മുഖത്തോടുമുഖം നോക്കാതെ തങ്ങള്‍ക്കിടയിലെ വൈരത്തിന്‍െറ കാഠിന്യം സോണിയയും സ്വാമിയും പരസ്യമാക്കി. അതേസമയം, പുറമേനിന്ന് കാണിച്ച ശാന്തഭാവം കോടതിമുറിക്കകത്ത് കയറിയിട്ടും സോണിയയും രാഹുലും പ്രിയങ്കയും കൈവിട്ടില്ല. അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടണമെന്നും പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്നും അല്ളെങ്കില്‍, രാജ്യം വിട്ടേക്കുമെന്നുമുള്ള കടുത്തവാക്കുകള്‍ കേട്ടിട്ടും മൂവരുടെയും മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായില്ല. എല്ലാം ശാന്തമായി കേട്ട് ജാമ്യനടപടികള്‍ക്ക് സോണിയയും രാഹുലും തയാറായി. മജിസ്ട്രേറ്റിനെ മാത്രം നോക്കിയാണ് സ്വാമി വാദമുഖങ്ങളത്രയും നിരത്തിയത്. പ്രതികളെ നിരത്തിനിര്‍ത്തിയ ഭാഗത്തുനിന്ന് കപില്‍സിബല്‍ വാദം തുടങ്ങിയിട്ടും സ്വാമി ആ ഭാഗത്തേക്ക് നോക്കിയില്ല.മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചിട്ടും കോടതിവളപ്പിനകത്ത് പ്രതികരിക്കാതെ സോണിയയും രാഹുലും നിയമപരമായ സൂക്ഷ്മത പാലിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തുചെന്ന് രൂക്ഷഭാഷയില്‍ ബി.ജെ.പിയെയും മോദിയെയും കടന്നാക്രമിക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.