ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ നേതൃത്വത്തില്‍ 1937ല്‍ സ്ഥാപിച്ച പത്രമാണ് നാഷനല്‍ ഹെറാള്‍ഡ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) ആയിരുന്നു പ്രസാധകര്‍. 71 വര്‍ഷത്തിനുശേഷം പത്രം പൂട്ടി. കോണ്‍ഗ്രസ് 90 കോടി രൂപ പത്രത്തിന് കടം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പത്രത്തെ കരകയറ്റാനുള്ള ശ്രമങ്ങളെല്ലാം പാഴായി. ഈ സമയത്താണ് കമ്പനിയുടെ സ്വത്തുക്കളും ബാധ്യതയും ‘യങ് ഇന്ത്യന്‍’ എന്ന ലാഭേച്ഛയില്ലാത്ത കമ്പനിക്ക് കൈമാറിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകന്‍ രാഹുല്‍ ഗാന്ധിയുടെയും പക്കലാണ് ‘യങ് ഇന്ത്യന്‍’ കമ്പനിയുടെ 38 ശതമാനം ഓഹരികളും. മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ, സുമന്‍ ദുബെ എന്നിവരുടെ പക്കലാണ് ബാക്കി ഓഹരികള്‍.
എ.ജെ.എല്ലിന്‍െറ കടബാധ്യത ഏറ്റെടുക്കുക, ഈ ബാധ്യതയെ ഓഹരികളാക്കി മാറ്റുക, പത്രമിറക്കാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍, എ.ജെ.എല്‍ കമ്പനിയുടെ 5000 കോടി രൂപയുടെ സ്വത്ത് കൈക്കലാക്കാനാണ് സോണിയയും രാഹുലും മറ്റു കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൈമാറ്റം നടത്തിയതെന്നാരോപിച്ച് ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗം സുബ്രമണ്യന്‍ സ്വാമി 2012ല്‍ ഡല്‍ഹിയിലെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പ്പിച്ചു. ആ പരാതിയാണ് പ്രമാദമായ നാഷനല്‍ ഹെറാള്‍ഡ് കേസായി മാറിയത്.
കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ച തുകയില്‍നിന്ന് 90 കോടി രൂപ പലിശരഹിതവായ്പയായി നല്‍കിയതും അത് പിന്നീട് എഴുതിത്തള്ളാന്‍ തീരുമാനിച്ചതും വഴിവിട്ടുള്ള നടപടിയെന്നും സ്വാമി ആരോപിക്കുന്നു. എ.ജെ.എല്ലിന്‍െറ ഓഹരികള്‍ യംങ് ഇന്ത്യനിലേക്ക് മാറ്റാന്‍ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് തീരുമാനിച്ചത് ഓഹരിയുടമകള്‍ അറിയാതെയാണെന്നും സ്വാമി ആരോപിക്കുന്നു. എ.ജെ.എല്‍ ആസ്തികള്‍ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
സ്വാമിയുടെ ഹരജിയെ തുടര്‍ന്ന് ഹാജരാകാനാവശ്യപ്പെട്ട് 2014ല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ആറ് പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ആ നോട്ടീസിന് സ്റ്റേ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച പ്രതിസ്ഥാനത്തുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.