ന്യൂഡല്‍ഹി: ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡ ജില്ലയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് കുട്ടിക്കുറ്റവാളികള്‍ അടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, ഉത്തര്‍പ്രദേശ് പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ ഗോമാംസം സംബന്ധിച്ച പരാമര്‍ശമില്ല.
കുറ്റപത്രത്തില്‍ 15 പേരാണുള്ളതെന്നും ബുധനാഴ്ച അറസ്റ്റ് ചെയ്ത രണ്ടുപേരെ അഡീഷനല്‍ കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും ദാദ്രി ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അനുരാഗ് സിങ് പറഞ്ഞു. രണ്ടുപേര്‍ ഒളിവിലാണെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അനുരാഗ് സിങ് കൂട്ടിച്ചേര്‍ത്തു.
കുറ്റപത്രത്തില്‍ ഗോമാംസ പരാമര്‍ശം ഇല്ലാത്തതിനെ അനുരാഗ് സിങ് ന്യായീകരിച്ചു. പശുവിനെ അറുത്തെന്ന് തൊട്ടടുത്ത ക്ഷേത്രത്തില്‍നിന്ന് വിളിച്ചുപറഞ്ഞാണ് പ്രതികള്‍ അഖ്ലാഖിന്‍െറ വീട് ആക്രമിച്ചതെന്ന് കേസ് ഡയറിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഖ്ലാഖിന്‍െറ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസം ഗോമാംസമാണെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്. എന്നാല്‍, മാംസം ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍െറ റിപ്പോര്‍ട്ട് ഇതുവരെയും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വരുന്നമുറക്ക് അക്കാര്യവും കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ അടക്കം ആകെ 19 പ്രതികളാണ് കേസിലുള്ളത്.
സെപ്റ്റംബര്‍ 28നാണ് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ ആഹ്വാനപ്രകാരം മുഹമ്മദ് അഖ്ലാഖ് എന്ന 52കാരനെ ഒരുസംഘം വീട്ടില്‍ അതിക്രമിച്ചുകയറി അടിച്ചുകൊന്നത്. അഖ്ലാഖിന്‍െറ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളവരും അയല്‍ക്കാരുമാണ് പ്രതികളെന്ന് ആക്രമണത്തില്‍ പരിക്കേറ്റ മകന്‍ ദാനിഷ് മൊഴി നല്‍കിയിരുന്നു. ദാദ്രിയിലെ ആക്രമണം യാദൃച്ഛികമായ ഒരു സംഭവമല്ളെന്നും ചില ആസൂത്രണം നടന്നിട്ടുണ്ടെന്നും ദേശീയ ന്യൂനപക്ഷ കമീഷന്‍ കണ്ടത്തെിയിരുന്നു. പ്രദേശത്തെ ഹിന്ദു സമുദായത്തിന്‍െറ പിന്തുണ ഇതിനുണ്ടെന്നും കമീഷന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.