കൊൽക്കത്ത: പാർട്ടിയിൽ ശുദ്ധീകരണം ലക്ഷ്യമിട്ട് സി.പി.എം അഖിലേന്ത്യ പ്ലീനത്തിന് കൊൽക്കത്തയിൽ കൊടിയേറ്റം. ബ്രിഗേഡ് ഗ്രൗണ്ടിൽ ജനലക്ഷങ്ങൾ അണിനിരന്ന റാലിയോടെയായിരുന്നു തുടക്കം. മുതിർന്ന പി.ബി അംഗം ബിമൻ ബസു പാതാക ഉയർത്തി. സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യൈച്ചൂരി ഉദ്ഘാടനം ചെയ്തു. മോദിയെയും ബി.ജെ.പിയെയും കേന്ദ്രത്തിൽനിന്നും മമതയെയും തൃണമൂലിനെയും ബംഗാളിൽനിന്നും തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കാൻ യൈച്ചൂരി ആഹ്വാനംചെയ്തു. ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ച നേതാക്കളിൽ കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൺ ഒഴികെ ആരും കോൺഗ്രസിനെതിരെ ഒന്നും പറഞ്ഞില്ല.
ബംഗാളിൽ മമതക്കെതിരെ സി.പി.എം–കോൺഗ്രസ് നീക്കുപോക്കിെൻറ സാധ്യത ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കൊൽക്കത്തയിലെ റാലിയിൽ നേതാക്കൾ കോൺഗ്രസിനെ ‘വെറുതെ വിട്ടത്’ എന്നത് ശ്രദ്ധേയമാണ്. ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ സോളാർ, മാണിയുടെ രാജിക്ക് വഴിയൊരുക്കിയ ബാർ കോഴക്കേസ് എന്നിവ എണ്ണിപ്പറഞ്ഞ് കോൺഗ്രസിനെ കടന്നാക്രമിച്ച കോടിയേരി ബാലകൃഷ്ണെൻറ പ്രസംഗം കോൺഗ്രസുമായുള്ള നീക്കുപോക്കിന് കേരളഘടകത്തിനുള്ള എതിർപ്പിെൻറ പ്രകടനവുമായി. പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസായ പ്രമോദ് ദാസ് ഗുപ്ത ഭവനിൽ വൈകീട്ട് ആറുമണിയോടെ പ്ലീനം ചർച്ചകൾക്ക് തുടക്കമായി. പാർട്ടിയുടെ നിലവിലുള്ള സംഘടനാ സാഹചര്യം വിശദീകരിക്കുന്ന സംഘടനാ റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. ഭാവിയിലേക്കുള്ള സംഘടനാകാര്യങ്ങൾ നിർദേശിക്കുന്ന സംഘടനാ പ്രമേയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിച്ചു. ഇരു റിപ്പോർട്ടുകളിന്മേലുമുള്ള ചർച്ചകൾ തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ഡിസംബർ 31 വ്യാഴാഴ്ച വരെ നീളുന്ന പ്ലീനം സമ്മേളനത്തിൽ ആകെ 443 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
കേരളത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 88 പേരുണ്ട്. പ്ലീനം സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയത്തിൽ കേരളത്തിൽനിന്ന് എളമരം കരീം അംഗമാണ്. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിൽനിന്ന് കരകയറാനുള്ള ശുദ്ധീകരണം ലക്ഷ്യമിടുന്ന പ്ലീനം ചർച്ചയിൽ പാർട്ടിക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ലക്ഷങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബ്രിഗേഡ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞ പ്ലീനം റാലി മമതയോട് തുടർച്ചയായി തോറ്റ് ആവേശം ചോർന്ന പാർട്ടി അണികളെ ഉത്തേജിതരാക്കുമെന്നാണ് ബംഗാൾ നേതൃത്വം കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.