ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ സബ്സിഡി എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് പുതിയ നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. പത്ത് ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്സിഡി നല്‍കുന്നത് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
ജനുവരി ഒന്നു മുതല്‍ സബ്സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ പത്തു ലക്ഷം രൂപക്ക് മുകളില്‍ നികുതിനല്‍കേണ്ട വരുമാനമില്ളെന്ന സ്വയം സാക്ഷ്യപത്രം നല്‍കണം. പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡിയോടെ 12 സിലിണ്ടര്‍ വര്‍ഷത്തില്‍ ലഭിക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ വാണിജ്യവില നല്‍കണം. പത്തുലക്ഷത്തിന് മുകളില്‍ വരുമാനമുള്ള നികുതിദായകര്‍ക്ക് ജനുവരി മുതല്‍ എല്‍.പി.ജി സബ്സിഡി നല്‍കേണ്ടതില്ളെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ട്വീറ്റ് ചെയ്തു. സബ്സിഡി ഏറ്റവും അത്യാവശ്യമായ പാവപ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണ് പുതിയ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍െറ അടിസ്ഥാനത്തിലാകും സബ്സിഡി ഒഴിവാക്കുക. നിലവില്‍ 16.35 കോടി ഉപഭോക്താക്കള്‍ക്കാണ് എല്‍.പി.ജി സബ്സിഡി ലഭിക്കുന്നത്. അത്യാവശ്യക്കാര്‍ക്ക് മാത്രം സബ്സിഡിയെന്ന കേന്ദ്രസര്‍ക്കാറിന്‍െറ പ്രചാരണത്തെ തുടര്‍ന്ന് 57.5 ലക്ഷം പേര്‍ സബ്സിഡി സ്വയം വേണ്ടെന്നുവെച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്സിഡി തുക സര്‍ക്കാര്‍ നല്‍കിയിരുന്നത്.
സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 606.50 രൂപയാണ് നിലവില്‍ ഡല്‍ഹിയിലെ വില. 417.82 രൂപയാണ് സബ്സിഡി സിലിണ്ടറുകളുടെ ഡല്‍ഹിയിലെ വില. ഓരോ വര്‍ഷവും പാചകവാതക സബ്സിഡി നല്‍കുന്നതിലൂടെ കേന്ദ്രസര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്.
സബ്സിഡിയില്ലാതെ സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിവുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ വലിയ ബാധ്യത ഒഴിവാകുകയും കൂടുതല്‍ അര്‍ഹതപ്പെട്ടവരിലേക്ക് സബ്സിഡി എത്തിക്കുകയും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ആഗോള വിപണിയില്‍ പാചകവാതകത്തിന്‍െറ വിലയിടിഞ്ഞതിനെതുടര്‍ന്ന് സബ്സിഡി നിരക്കും കമ്പോള വിലയും തമ്മിലുള്ള അന്തരം കുറഞ്ഞിരുന്നു.ഇതേതുടര്‍ന്നാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.