ന്യൂഡല്‍ഹി: ഭാര്യക്കോ ഭര്‍ത്താവിനോ 10 ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളവര്‍ക്കു മാത്രമാണ് പാചകവാതക സബ്സിഡി പുതുവര്‍ഷം മുതല്‍ കിട്ടാതെ വരുക എന്ന് സാധാരണക്കാര്‍ സമാശ്വസിക്കേണ്ടതില്ല. മേല്‍ത്തട്ടിനെയാണ് തല്‍ക്കാലം പിടികൂടുന്നതെങ്കിലും സബ്സിഡി നിര്‍ത്തലാക്കല്‍ ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. പാചകവാതക സബ്സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതിലേക്കുള്ള പുതിയ ചുവടാണ് ഇപ്പോഴത്തെ തീരുമാനം.
ഇപ്പോഴത്തെ 10 ലക്ഷമെന്ന വാര്‍ഷിക വരുമാനപരിധി ക്രമേണ കുറക്കും. ദമ്പതികളുടെ മൊത്ത വാര്‍ഷിക വരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ സബ്സിഡിക്ക് അര്‍ഹതയുള്ളവരെ പരിമിതപ്പെടുത്തുന്നതാണ് അടുത്ത പടി. മണ്ണെണ്ണ സബ്സിഡി എടുത്തുകളയാനുള്ള ഫയല്‍നീക്കവും പുരോഗമിക്കുന്നുണ്ട്. ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകഴിഞ്ഞിരിക്കെ, പാചകവാതക സബ്സിഡി വാങ്ങുന്നവരുടെ വരുമാനത്തെക്കുറിച്ച് ബാങ്കുകളില്‍നിന്ന് കണക്കെടുക്കല്‍ ഇനിയൊരു വിഷയമല്ല.
അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില ഗണ്യമായി കുറഞ്ഞിട്ടും അതിന്‍െറ പ്രയോജനം പൂര്‍ണമായി ഉപയോക്താക്കള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ മുതല്‍ക്കൂട്ടുകയാണ്. സബ്സിഡി ഭാരത്തില്‍ നിന്ന് രക്ഷപ്പെടാനെന്ന പേരില്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വിലനിയന്ത്രണത്തില്‍നിന്ന് പിന്മാറിയ സര്‍ക്കാര്‍, അന്താരാഷ്ട്ര തലത്തിലെ വിലയിടിവ് അവസരമാക്കി എക്സൈസ് തീരുവ ആറു തവണയാണ് വര്‍ധിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കണ്ടത്തെിയ ഉപായമാണിത്. ഇതിനു പിന്നാലെയാണ് ഇന്ധനവില കുറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ, സമ്പന്ന ഗണത്തില്‍പെടുന്നവരെ പാചകവാതക സബ്സിഡി പറ്റുന്നവര്‍ക്കിടയില്‍നിന്ന് പുറന്തള്ളിയത്.
യഥേഷ്ടം സബ്സിഡി സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയുമായിരുന്ന സ്ഥിതിക്ക് വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ മാറ്റമാണ് വന്നത്. 12 സിലിണ്ടറുകള്‍ക്കു മാത്രമായി സബ്സിഡി പരിമിതപ്പെടുത്തി യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിവെച്ച നിയന്ത്രണമാണ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. മറുവശത്ത്, അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി സബ്സിഡി ഉയര്‍ത്താതെ, ആ നേട്ടം പൂര്‍ണമായി സര്‍ക്കാര്‍ എടുക്കുന്നു. സബ്സിഡിയും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നേരിട്ട് ഗുണഭോക്താവിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനും, ഇതിന് ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനും യു.പി.എ തീരുമാനിച്ചപ്പോള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ സബ്സിഡി സംബന്ധിച്ച നിലപാട് കര്‍ക്കശമാക്കുകയാണ് ചെയ്തത്.
സബ്സിഡി പരിമിതപ്പെടുത്തുന്നതുവഴി കൂടുതല്‍ പേര്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഒൗദ്യോഗിക വിശദീകരണം. അന്താരാഷ്ട്ര തലത്തില്‍ വാതകവില കുറഞ്ഞിരിക്കെ, എല്‍.പി.ജി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നീക്കിവെക്കേണ്ടിവരുന്ന തുകയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിന്‍െറ പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സബ്സിഡിത്തുക കൂട്ടിനല്‍കുന്നില്ല. സബ്സിഡി സിലിണ്ടര്‍ കൂടുതല്‍ ദരിദ്രരിലേക്ക് എത്തിക്കുമെന്ന വാദവും കണക്കുകൊണ്ടുള്ള മറ്റൊരു തട്ടിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.