ഇന്‍ഡോര്‍: ആറ് വീടുകള്‍, എട്ട്ബാങ്ക് അക്കൗണ്ടുകള്‍, മൂന്ന് കാറുകള്‍, ഒരു എസ്.യു.വി ഇതൊന്നും കൂടാതെ പണമായി മറ്റനേകം കോടികളും. മധ്യപ്രദേശിലെ ജബൽപൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ സാധാരണ പൊലീസുകാരന്‍റെ ആസ്തിയാണിത്. അഴിമതി ആരോപണത്തെ തുടർന്ന് കോൺസ്റ്റബ്ൾ രാമചന്ദ്ര ജയ്സ്വാളിന്‍റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ലോകായുക്തയാണ് കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ട് ഞെട്ടിയത്. ഇദ്ദഹത്തിന് ആസ്തികളുള്ള ഇൻഡോർ, സത്ന, രേവ, ജബൽപൂർ എന്നിവിടങ്ങളിൽ ഒരേസമയത്താണ് റെയ്ഡ് നടത്തിയത്.
ജബൽപൂരിലെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. എസ്.യു.വി അടക്കമുള്ള അത്യാധുനിക കാറുകളും സ്വർണാഭരണങ്ങളും 60,000 രൂപയും ഇവിടെ നിന്നും കണ്ടെടുത്തു. മൂന്നുനിലയുള്ള വീടിന് തന്നെ ഒരു കോടിയിലധികം രൂപ വില മതിക്കും. രണ്ട് ബാങ്ക് ലോക്കറുകളുടെ താക്കോലുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഇവയിൽ വിലപിടിപ്പുള്ള ആഭരണങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് വിവരം.
ഇൻഡോറിലുള്ള വീട് കൂടാതെ രണ്ട് വലിയ ഫാമുകളും രേവയിൽ മൂന്ന് ഫ്ളാറ്റുകളും ജയ്സ്വാളിനുണ്ട്. കൂടാതെ മുപ്പത് ഏക്കർ മാവിൻ തോട്ടവും രണ്ട് പ്ളോട്ടുകളുമുണ്ട്.
സ്വത്ത് വിവരങ്ങൾ തിട്ടപ്പെടുത്തിക്കഴിഞ്ഞതിന് ശേഷം മാത്രമേ ജയ്സ്വാളിന്‍റെ ആസ്തി എത്രയെന്ന് കൃത്യമായി പറയാൻ കഴിയൂ. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചെക്ക്പോസ്റ്റുകളിലെല്ലാം ജോലിയെടുത്തിട്ടുള്ള ജയ്സ്വാൾ വലിയ തുകയാണ് കൈക്കൂലിയായി കൈപ്പറ്റിയിരുന്നത് എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.