മോദി പദവി ദുരുപയോഗിച്ചത് തടഞ്ഞില്ളെന്ന് ആരോപണം


ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ നടത്തിപ്പില്‍ തെരഞ്ഞെടുപ്പു കമീഷന്‍ സ്വീകരിച്ച സമീപനത്തില്‍  കോണ്‍ഗ്രസ് എതിര്‍പ്പു പ്രകടിപ്പിച്ചു. പദവി ദുരുപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരെ കമീഷന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്ക് കമീഷന്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിച്ച് വോട്ടുതട്ടാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് രാഹുല്‍ പ്രസംഗിച്ചതിനാണ് കമീഷന്‍ നോട്ടീസ് അയച്ചത്. കമീഷന്‍െറ ഷോക്കോസ് കോണ്‍ഗ്രസ് ഗൗരവത്തിലെടുത്തില്ല. രാഹുല്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ളെന്ന് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.
ഭരണസൗകര്യം ദുരുപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കമീഷന്‍ അനുവദിക്കരുതായിരുന്നു. ആകാശവാണിയുടെ മന്‍ കി ബാത് പരിപാടിയില്‍ നയപരമായ പ്രഖ്യാപനങ്ങള്‍ മോദി നടത്തിയത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ദസറ പ്രമാണിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍െറ പ്രസംഗം ആകാശവാണിയും ദൂരദര്‍ശനും തല്‍സമയം ജനങ്ങളിലത്തെിച്ചു. മോദി സര്‍ക്കാറിന്‍െറ നേട്ടങ്ങളെക്കുറിച്ച വര്‍ണനയാണ് ഭാഗവത് നടത്തിയത്. ഇത്തരം ദുരുപയോഗങ്ങള്‍ തെരഞ്ഞെടുപ്പു കമീഷന്‍ എന്തുകൊണ്ട് തടഞ്ഞില്ല? ന്യൂനപക്ഷ സമുദായത്തെ പ്രത്യേകമായി ആക്രമിക്കുന്ന വിധത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ക്ക് മോദിക്ക് നോട്ടീസ് കൊടുക്കേണ്ടതായിരുന്നുവെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.