ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതിനുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഒരുകൂട്ടം പുതിയ പരിഷ്കരണങ്ങളിലേക്ക്. വൈദ്യുതി, തൊഴില്‍, അടിസ്ഥാനസൗകര്യ വികസനം എന്നിവയെ കേന്ദ്രീകരിച്ചാണ് പരിഷ്കരണം വരുന്നത്. നവംബര്‍ നാലാംവാരം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ഏതാനും ബില്ലുകള്‍ ഇതിനായി അവതരിപ്പിക്കും.
പ്രത്യക്ഷ വിദേശനിക്ഷേപനയം കൂടുതല്‍ ഉദാരമാക്കും. സ്വകാര്യനിക്ഷേപം കൂടുതല്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി ചട്ടങ്ങളില്‍ മാറ്റം കൊണ്ടുവരും. തൊഴില്‍നിയമ പരിഷ്കരണങ്ങള്‍ക്ക് നേരത്തെതന്നെ സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയിരുന്നു. റെയില്‍വേയുടെ വികസനത്തിന് വിപുലമായ കാര്യപരിപാടി തയാറാക്കുന്നുണ്ട്. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് പുനരുദ്ധാരണ പാക്കേജാണ് മറ്റൊന്ന്. കോര്‍പറേറ്റ് നികുതി ഇളവുകള്‍വരും. ദേശീയ നിക്ഷേപ-അടിസ്ഥാനസൗകര്യ നിധി, സ്റ്റാര്‍ട്ട്അപ് ഇന്ത്യപദ്ധതി എന്നിവയും തുടങ്ങാന്‍ ഉദ്ദേശമുണ്ട്. സാമ്പത്തികരംഗത്തെ മുരടിപ്പിന്‍െറ പശ്ചാത്തലത്തില്‍ പക്ഷേ, പദ്ധതികള്‍ക്ക് എത്രത്തോളം ഫലപ്രാപ്തിയുണ്ടാവുമെന്ന പ്രശ്നം ബാക്കിയുണ്ട്. നിര്‍മാണരംഗം കൂടുതല്‍ പ്രതിസന്ധിയിലേക്കാണെന്ന സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നത് തിങ്കളാഴ്ചയാണ്. അസഹിഷ്ണുത പടരുന്ന അന്തരീക്ഷത്തില്‍ ബി.ജെ.പിക്കാരെ നിലക്കുനിര്‍ത്തിയില്ളെങ്കില്‍ ആഗോള-ആഭ്യന്തരതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് മോദി സര്‍ക്കാറിന് റേറ്റിങ് ഏജന്‍സിയായ മൂഡി കഴിഞ്ഞദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.