ന്യൂഡല്‍ഹി: ‘ഹുജി’ ഭീകരനെന്നപേരില്‍ അറസ്റ്റ് ചെയ്ത നിരപരാധിയായ മുസ്ലിം യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മുന്‍ ഡി.ജി.പി അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഐ.ബി ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണത്തിന് അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണത്തിനുള്ള യു.പി സര്‍ക്കാര്‍ ശിപാര്‍ശ ഏജന്‍സി തള്ളിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് സി.ഐ.ഡി അന്വേഷിക്കാനാണ് നിര്‍ദേശം.
2013 മേയ് 18ന് ദുരൂഹസാഹചര്യത്തില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ബാരാബങ്കി ജോന്‍പുര്‍ സ്വദേശി ഖാലിദ് മുജാഹിദിന്‍െറ അമ്മാവന്‍ സഹീര്‍ ആലം ഫലാഹി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഡി.ജി.പി വിക്രം സിങ്, മുന്‍ എ.ഡി.ജി.പി ബ്രിജ് ലാല്‍, മുന്‍ എ.എസ്.പി മനോജ്കുമാര്‍ ഝാ, സ്പെഷല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി എസ്.പി ചിരഞ്ജീവ് നാഥ് സിന്‍ഹ എന്നിവരടക്കം 37 പൊലീസ്, ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ ബാരാബങ്കി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം അവസാനിപ്പിച്ചതായി ബാരാബങ്കി പൊലീസ് വിചാരണക്കോടതിയില്‍ രണ്ടുതവണ റിപ്പോര്‍ട്ട് നല്‍കി. ആദ്യതവണ പൊലീസ് റിപ്പോര്‍ട്ട് വിചാരണക്കോടതി തള്ളി വീണ്ടും അന്വേഷിക്കാന്‍ പറഞ്ഞെങ്കിലും അന്വേഷണം അവസാനിപ്പിച്ചതായി രണ്ടാമതും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഖാലിദിന്‍െറ അഭിഭാഷകന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറ ശിപാര്‍ശ തള്ളിയപ്പോഴായിരുന്നു ഇത്.
2007 ഡിസംബര്‍ 22നാണ് ഖാലിദ് മുജാഹിദ്, താരിഖ് ഖാസ്മി എന്നിവരെ 2007ലെ ഫൈസാബാദ്, ലഖ്നോ കോടതികളിലുണ്ടായ സ്ഫോടനത്തില്‍ പ്രതികളായ ഹുജി ഭീകരരാണെന്നുപറഞ്ഞ് ഉത്തര്‍പ്രദേശ് പ്രത്യേക ടാസ്ക്ഫോഴ്സ് അറസ്റ്റ് ചെയ്തത്.
എന്നാല്‍, മഫ്ടിയില്‍ വന്ന പൊലീസ് ഡിസംബര്‍ 16ന് ഖാലിദിനെ ജോന്‍പുര്‍ ഗ്രാമത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയതാണെന്ന് കുടുംബം പറയുന്നു. നാലു ദിവസം കഴിഞ്ഞാണ് താരിഖിനെ അഅ്സംഗഡില്‍നിന്ന് പിടിച്ചുകൊണ്ടുവന്നത്. എന്നാല്‍, ബാരാബങ്കി സ്റ്റേഷനടുത്തുനിന്നാണ് ഇവരെ പിടിച്ചതെന്നും ഇവരില്‍നിന്ന് ആര്‍.ഡി.എക്സും ഡിറ്റണേറ്ററുകളും പിടിച്ചെടുത്തുവെന്നും പൊലീസ് അവകാശപ്പെട്ടു. തുടര്‍ന്ന്, സംഭവം അന്വേഷിക്കാന്‍ 2008ല്‍ മായാവതിസര്‍ക്കാര്‍ നിയോഗിച്ച ആര്‍.ഡി. നിമേഷ് കമീഷന്‍ നാലര വര്‍ഷത്തിനുശേഷം 2012 ഡിസംബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറസ്റ്റ് വ്യാജവും നിയമവിരുദ്ധവുമായിരുന്നുവെന്ന് കണ്ടത്തെി. എന്നാല്‍, അഖിലേഷ് യാദവ് സര്‍ക്കാര്‍ ഇരുവരെയും മോചിപ്പിക്കാന്‍ തയാറായില്ല. ഇതിനിടയിലാണ് 2013 മേയില്‍ ജയിലില്‍നിന്ന് കോടതിയിലേക്കുള്ള വഴിമധ്യേ ഖാലിദ് മുജാഹിദ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. എന്നിട്ടും, മോചിപ്പിക്കാതിരുന്ന താരിഖിന് പിന്നീട് ബാരാബങ്കി കോടതി നിരവധി ഭീകരക്കേസുകളിലായി ആറു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.