ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങളുന്നയിച്ച് മോദി

ലണ്ടന്‍: ലണ്ടനില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യന്‍വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാര്‍ഥിവിസ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ഉന്നയിച്ചു.
ഉന്നതപഠനത്തിന് ബ്രിട്ടനിലത്തെുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതില്‍ മോദി ആശങ്കപ്രകടിപ്പിച്ചു. വിസക്ക് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു വര്‍ഷത്തിനിടെ ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം കുറവുണ്ടായതായി മോദി ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി വിദേശകാര്യവക്താവ് അറിയിച്ചു. ലോകത്തിലെ ഏറ്റവും ബുദ്ധിശാലികളായ വിദ്യാര്‍ഥികളുടെ കൂട്ടത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെന്നും ബ്രിട്ടനില്‍ കൂടുതലായി ഇന്ത്യന്‍വിദ്യാര്‍ഥികള്‍ എത്തുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായിരിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനില്‍ മികച്ച വിദ്യാഭ്യാസം ലഭിക്കും. ബ്രിട്ടന് ഇന്ത്യന്‍വിദ്യാര്‍ഥികളുടെ കഴിവ് പ്രയോജനംചെയ്യും. ലോകരാജ്യങ്ങള്‍ ഇന്ത്യന്‍വിദ്യാര്‍ഥികളെ തേടുകയാണെന്നും മക്കളെ വിദേശത്ത് പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മധ്യവര്‍ഗവും ഉപരിവര്‍ഗവും ഇന്ത്യയില്‍ കൂടുതലായുണ്ടെന്നും മോദി പറഞ്ഞു. മോദിയുടെ ആവശ്യത്തോട് കാമറണ്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. തുടര്‍ ചര്‍ച്ച ആവശ്യമായ വിഷയമാണ് ഇതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ഹയര്‍ എജുക്കേഷന്‍ ഫണ്ടിങ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ളണ്ടിന്‍െറ റിപ്പോര്‍ട്ട് പ്രകാരം 2010-11ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍വിദ്യാര്‍ഥികളുടെ എണ്ണം 18,535 ആയിരുന്നു. എന്നാല്‍, 2012-13ല്‍ ഇത് 10,235 ആയി കുറഞ്ഞു.
നേരത്തേ, പഠനത്തിനുശേഷം രണ്ടുവര്‍ഷംകൂടി ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡിവര്‍ക് വിസ നല്‍കിയിരുന്നു. എന്നാല്‍, അടുത്തിടെ ഇത് നിര്‍ത്തലാക്കിയതാണ് വിദ്യാര്‍ഥികളുടെ കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ കൂടുതലായി പോകാനും തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.