മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഖാഡി ‘ഔറംഗസേബ് ഫാൻ ക്ലബ്’ ആണെന്നും ഉദ്ധവ് താക്കറെയാണ് അതിന്റെ നേതാവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി അജ്മൽ കസബിന് ബിരിയാണി വിളമ്പിയവരുമായി അദ്ദേഹം സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും പുണെയിൽ ബി.ജെ.പി സംസ്ഥാന കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ കുറ്റവാളി യാക്കൂബ് മേമന്റെ പേരിൽ ദയാഹരജി നൽകിയവർക്കൊപ്പമാണ് ഉദ്ധവ് താക്കറെ ഇരുന്നതെന്നും ഷാ കുറ്റപ്പെടുത്തി.
‘ആരാണ് ഔറംഗസേബ് ഫാൻ ക്ലബിന്റെ ഭാഗമായത്? കസബിന് ബിരിയാണി വിളമ്പുന്നവരുടെയും യാക്കൂബ് മേമന് വേണ്ടി കനിവ് തേടുന്നവരുടെയും സാക്കിർ നായിക്കിന് സമാധാന സന്ദേശവാഹക അവാർഡ് നൽകുന്നവരുടെയും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ പിന്തുണക്കുന്നവരുടെയും കൂടെ ഇരിക്കുന്നതിൽ ഉദ്ധവ് താക്കറെ ലജ്ജിക്കണം’ -അമിത് ഷാ പറഞ്ഞു.
എൻ.സി.പി നേതാവ് ശരത് പവാറാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്നും ഷാ ആരോപിച്ചു. ‘തെറ്റിദ്ധാരണ പരത്തി തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അവർ അഴിമതിയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതി നേതാവ് ശരദ് പവാറാണ്. ഇത് പറയുമ്പോൾ എനിക്കൊരു ആശയക്കുഴപ്പവുമില്ല. ശരദ് പവാർ രാജ്യത്തെ പല സർക്കാരുകളിലും അഴിമതിയെ സ്ഥാപനവത്കരിച്ചു’ -അമിത് ഷാ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യം ഇല്ലാതാകുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.