ജോലി സമയം വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ഐ.ടി ഉദ്യോഗസ്ഥർ

ബെംഗളൂരു: ഐ.ടി ഉദ്യോഗസ്ഥർ 14 മണിക്കൂർ ജോലി ചെയ്യണമെന്ന സർക്കാർ നിർദേശത്തിനെതിരെ ബെംഗളൂരുവിലെ ഐ.ടി എംപ്ലോയിസ് യൂണിയൻ. നിർദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.ടി/ ഐ.ടി.ഇ.എസ്/ ബി.പി.ഒ എന്നീ മേഖലകളിൽ ജോലി സമയം ഉയർത്താനുള്ള നിർദേശവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി സന്തോഷ് എസ്. ലാഡ്, തൊഴിൽ - ഐ.ടി - ബി.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കെ.ഐ.ടി.യു രംഗത്തെത്തിയത്.

നിലവിൽ ഓവർടൈം ഉൾപ്പെടെ പ്രതിദിനം 10 മണിക്കൂറാണ് ജോലിസമയം. ഇത് 14 മണിക്കൂർ വരെയാകുന്നതോടെ ദിവസത്തിൽ മൂന്ന് ഷിഫ്റ്റ് എന്നത് രണ്ട് ഷിഫ്റ്റാവുമെന്ന് ഐ.ടി എംപ്ലോയിസ് യൂണിയൻ ചൂണ്ടിക്കാട്ടി. ഇത് മൂന്നിലൊന്ന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്നതിന് കാരണമാകുമെന്നും എംപ്ലോയീസ് യൂണിയൻ പറയുന്നു. തൊഴിൽ സമയം വർധിപ്പിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളും മന്ത്രി വിളിച്ച യോഗത്തിൽ കെ.ഐ.ടി.യു ചൂണ്ടിക്കാട്ടി. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർക്കും വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും, 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും.

കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്‌ട് ഭേദഗതി ചെയ്യാനുള്ള ഏതൊരു നീക്കവും കർണാടകയിലെ ഐ.ടി/ ഐ.ടി.ഇ.എസ് മേഖലയിൽ പ്രവർത്തിക്കുന്ന 20 ലക്ഷം ജീവനക്കാരോടുള്ള തുറന്ന വെല്ലുവിളിയാണെന്നും കെഐടിയു പറഞ്ഞു.

ദിവസം 14 മണിക്കൂർ, ആഴ്ചയിൽ 70 മണിക്കൂർ എന്നിങ്ങനെ ജോലി സമയം ക്രമീകരിക്കാനുള്ള നിർദേശമാണ് കർണാടക സർക്കാരിന്‍റെ മുൻപിലുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കർണാടകയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 70 ശതമാനം വരെ കന്നഡിഗരെ തന്നെ നിയമിക്കണമെന്ന ബിൽ വൻ വിവാദമായതിന് പിന്നാലെയാണ് ഐ.ടി മേഖലയിലെ വിവാദ നീക്കം.

Tags:    
News Summary - IT officials protest against increasing working hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.