ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനെന്ന് കട്ജു

കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അഴിമതിക്കാരനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ദത്തു അഴിമതിക്കാരനാണെന്നറിഞ്ഞിട്ടും അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍ അദ്ദേഹത്തെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജഡ്ജി നിയമനങ്ങള്‍ക്കുള്ള ദേശീയ ജുഡീഷ്യല്‍ നിയമനകമീഷനുമായി (എന്‍.ജെ.എ.സി) ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജി നിയമനത്തില്‍ കൊളീജിയം സംവിധാനത്തെ വിമര്‍ശിച്ച അദ്ദേഹം, എന്‍.ജെ.എ.സിയുടെ കാര്യത്തില്‍ സുപ്രീംകോടതി തിരക്കിട്ട് വിധി പ്രഖ്യാപിക്കുകയായിരുന്നെന്നും അഭിപ്രായപ്പെട്ടു. എച്ച്. എല്‍. ദത്തു അഴിമതിക്കാരനാണെന്നതിന് തന്‍െറ പക്കല്‍ രേഖാമൂലമുള്ള തെളിവുകളുണ്ട്. ബംഗളൂരുവില്‍ 25-30 കോടിയുടെ ആഡംബര വീട് സ്വന്തമാക്കിയ ആളാണ് ദത്തു. ഭാര്യയുടെ വൈവാഹിക ബന്ധം വെളിപ്പെടുത്താതെ അവരുടെ പേരില്‍  ഭൂപരിഷ്കരണ നിയമം ലംഘിച്ച് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടി. അഴിമതിയാരോപണത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്ന ജസ്റ്റിസ് പി.ഡി. ദിനകരനെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ട ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ തന്നെയാണ് ദത്തുവിനെയും സുപ്രീംകോടതിയിലത്തെിച്ചത്.
 കെ.ജി. ബാലകൃഷ്ണന്‍െറ കാലത്താണ് കൊളീജിയം സംവിധാനം ഏറ്റവുമധികം ദുഷിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. പി.ഡി. ദിനകരന്‍െറ കാര്യത്തില്‍ ക്രൈസ്തവ മതവിഭാഗത്തില്‍നിന്ന് സുപ്രീംകോടതിയില്‍  ഒരാളുണ്ടാവട്ടെയെന്നായിരുന്നു കെ.ജി. ബാലകൃഷ്ണന്‍െറ നിലപാട്.
 നീതിപീഠത്തിലിരിക്കേണ്ടവരുടെ പേരുകള്‍ ഡല്‍ഹിയില്‍നിന്നാണ് വന്നിരുന്നത്. ജസ്റ്റിസ് ജി.പി. സിങ്ങിനെപോലുള്ള അര്‍ഹരും പ്രഗല്ഭരുമായ നിരവധി ന്യായാധിപര്‍ ഇത്തരത്തില്‍ സുപ്രീംകോടതിയുടെ ശിപാര്‍ശ ലഭിക്കാതെപോയവരാണ്.
കൊളീജിയത്തിന്‍െറ നടപടി തത്സമയം ജനങ്ങള്‍ക്ക് കാണാന്‍ സംവിധാനമൊരുക്കുകയും നിയമിതരാകേണ്ട ജഡ്ജിമാരെ കൊളീജിയം വിളിച്ചുവരുത്തി അഭിമുഖം നടത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.