ന്യൂഡല്‍ഹി: നേതൃത്വത്തിന്‍െറ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പാര്‍ട്ടിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന സ്ഥാപകാംഗം ശാന്തിഭൂഷണ് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയസമിതി യോഗത്തിലേക്ക് ക്ഷണം. പലരെയും ഒഴിവാക്കി നേതൃത്വത്തിന് താല്‍പര്യമുള്ളവര്‍ക്കുമാത്രം ക്ഷണക്കത്തയക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ശാന്തിഭൂഷണെ യോഗത്തിലേക്ക് ക്ഷണിച്ചത്.
പാര്‍ട്ടിയുടെ നയതീരുമാനങ്ങള്‍ക്ക് രൂപംനല്‍കുന്ന സുപ്രധാനവേദിയാണ് ദേശീയ കൗണ്‍സില്‍. പരമോന്നതസമിതികള്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കുപോലും അംഗീകാരം നല്‍കേണ്ടത് സ്ഥാപകാംഗങ്ങള്‍ അടങ്ങിയ ഈ സമിതിയാണ്. എന്നാല്‍, മറ്റുപല സ്ഥാപകാംഗങ്ങളെയും യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.
ശാന്തിഭൂഷണ് ക്ഷണം ലഭിച്ചുവെന്നും എന്നാല്‍, ക്ഷണിച്ചത് ആരെയെല്ലാമാണ് എന്ന ചോദ്യത്തോട് പാര്‍ട്ടി മൗനം തുടരുകയാണെന്നും ശാന്തിഭൂഷന്‍െറ മകനും മറ്റൊരു സ്ഥാപകാംഗവുമായ പ്രശാന്ത്ഭൂഷണ്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ മാര്‍ച്ച് 28ന് നടന്ന ദേശീയ കൗണ്‍സിലില്‍ ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നേതൃത്വത്തെ ചോദ്യംചെയ്തുവെന്നും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രശാന്ത്ഭൂഷണെയും ഒപ്പംനിന്നവരെയും ദേശീയ എക്സിക്യൂട്ടിവില്‍നിന്ന് ഒഴിവാക്കിയിരുന്നു.
പ്രശാന്തും പുറത്താക്കപ്പെട്ട മറ്റൊരു സ്ഥാപകാംഗം യോഗേന്ദ്ര യാദവും ചേര്‍ന്ന് സ്വരാജ് അഭിയാന്‍ എന്നപേരില്‍ രൂപവത്കരിച്ച സമാന്തര വേദിയുമായി സഹകരിക്കുന്ന അംഗങ്ങളെയാണ് യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തിയത് എന്നറിയുന്നു. കെജ്രിവാളിന്‍െറയും സംഘത്തിന്‍െറയും നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചെങ്കിലും ശാന്തിഭൂഷനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി മുതിര്‍ന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.