ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മൂന്ന് ഉപാധികള്‍ മുന്നോട്ടുവെച്ചു.
ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഒരു ശതമാനം അധികനികുതി നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാമെന്ന നിര്‍ദേശം ഉപേക്ഷിക്കണം, ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്തി ഭരണഘടനാ വ്യവസ്ഥ കൊണ്ടുവരണം, പുതിയ നികുതി സമ്പ്രദായത്തെക്കുറിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര സംവിധാനം രൂപപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്.
ഇതിന് സര്‍ക്കാര്‍ വഴങ്ങിയാല്‍ ബില്‍ പാസാക്കാന്‍ സഹകരിക്കാമെന്ന സന്ദേശം നേതൃത്വം കൈമാറിയിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരെ വ്യാഴാഴ്ച കണ്ടിരുന്നു. എന്നാല്‍, മകളുടെ വിവാഹത്തിന് ക്ഷണിക്കാനുള്ള വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു ഇതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.
ബില്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്ന പ്രത്യാശ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആവര്‍ത്തിച്ചു. ചര്‍ച്ചയിലൂടെ തര്‍ക്കവിഷയങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. മിക്കവാറും പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കാതെ പറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.