കെജ് രിവാള്‍ ജനങ്ങളെ വഞ്ചിച്ചെന്ന് ശാന്തിഭൂഷണ്‍

ന്യൂഡല്‍ഹി: ദല്‍ഹി സര്‍ക്കാര്‍ തയ്യാറാക്കിയ ജന്‍ ലോക്പാല്‍ കരടു ബില്‍ അണ്ണാ ഹസാരെ സംഘം മുന്നാട്ടുവെച്ച വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ശാന്തി ഭൂഷണ്‍, മകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ആരോപിച്ചു. ബില്ലിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്ന് ശാന്തിഭൂഷണ്‍ ആവശ്യപ്പെട്ടു. കരട് ബില്ലിലെ വ്യവസ്ഥകളില്‍ മായം ചേര്‍ത്ത് കെജ്രിവാള്‍ വന്‍ തട്ടിപ്പ് നടത്തിയിരിക്കുകയാണെന്ന് പ്രശാന്ത് ഭൂഷണും ആരോപിച്ചു. ലോക് പാലിന്‍െറ പരിധിയില്‍ കേന്ദ്ര മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയത് അത് പാസാക്കാതിരിക്കാനാണ്. മനപൂര്‍വ്വം കേന്ദ്രവുമായി ഏറ്റുമുട്ടാനും അതുവഴി ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാതെ നീട്ടിക്കൊണ്ടുപോവാനുമാണ് കെജ്രിവാള്‍ ഉദ്ദേശിക്കുന്നത്. കരട് ബില്ലിലെ വ്യവസ്ഥകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബിസിനസ് അഡൈ്വസറി കമ്മിറ്റി അംഗം എന്ന നിലയിലാണ് തനിക്ക് ബില്ലിന്‍െറ കോപി കിട്ടിയതെന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു.

കേന്ദ്ര മന്ത്രിമാരെ ലോക്പാലിനു കീഴിലാക്കുന്നതിനോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും യോജിക്കില്ല. അതുകൊണ്ടുതന്നെ ബില്‍ നിയമമാക്കാന്‍ കേന്ദ്രം സമ്മതിക്കില്ല.  ഇത് മുന്നില്‍കണ്ടാണ് കേന്ദ്ര മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കെജ്രിവാള്‍ ബില്ലിനു കീഴിലാക്കിയത്. ശക്തമായ ലോക്പാല്‍ വരുന്നതിനോട് കെജ്രിവാളിന് യോജിപ്പില്ല. നരേന്ദ്ര മോദിയെ പോലെ ചോദ്യംചെയ്യപ്പെടാന്‍ കെജ്രിവാള്‍ ആഗ്രഹിക്കുന്നില്ളെന്നും ശാന്തി ഭൂഷണ്‍ പറഞ്ഞു. ഇത് ലോക്പാലല്ല, മഹാ ജോക്പാലാണെന്നും ശാന്തി ഭൂഷണ്‍ പരിഹസിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.