ന്യൂഡല്‍ഹി: ജി.എസ്.ടി ബില്‍ സംബന്ധിച്ച് നിലപാട് രൂപപ്പെടുത്തുന്നതിനായി കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ച. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ജി.എസ്.ടി ബില്ലിന് പുറമെ, അസഹിഷ്ണുതാ വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഭയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നതായിരുന്നു ചര്‍ച്ച. അസഹിഷ്ണുതാ വിവാദത്തില്‍ കോണ്‍ഗ്രസ് ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഇതനുസരിച്ച് അസഹിഷ്ണുതാ വിവാദം സംബന്ധിച്ച ചര്‍ച്ച ലോക്സഭയിലെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ചോദ്യോത്തരവും ശൂന്യവേളയും നിര്‍ത്തിവെച്ച് പ്രതിപക്ഷത്തിന്‍െറ പ്രമേയം ചര്‍ച്ചക്കെടുക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വഴങ്ങിയില്ളെങ്കില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം ഇരുസഭകളിലും ഉറപ്പാണ്. ജി.എസ്.ടി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പിലത്തൊന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ സഭയിലെ സംഭവവികാസങ്ങള്‍ ബാധിച്ചേക്കും. ദാദ്രി കൊല, അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനെ മാത്രമല്ല, ആര്‍.എസ്.എസിനത്തെന്നെ സഭയില്‍ നേരിട്ട് ആക്രമിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അത്തരം പരാമര്‍ശങ്ങള്‍ സഭയില്‍ ബി.ജെ.പി അംഗങ്ങളെ പ്രകോപിതരാക്കും. ബി.ജെ.പി അംഗങ്ങളില്‍നിന്ന് പ്രകോപനപരമായ മറുപടികളോ പരാമര്‍ശങ്ങളോ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ സംഭവിച്ചാല്‍ സഭ സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് പ്രതിപക്ഷ പ്രതിഷേധം വളരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.