വന്‍മരത്തിന്‍െറ വീഴ്ചയും കുലുങ്ങിയ ജനാധിപത്യവും

ഏഴുപതിറ്റാണ്ടിനോടടുക്കുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ജനാധിപത്യം ചോദ്യം ചെയ്യപ്പെട്ടത് നിരവധി തവണയാണ്. ‘കുരങ്ങിന്‍െറ കൂട്ടില്‍ നടക്കുന്ന സര്‍ക്കസ് അഭ്യാസത്തിന്‍െറ  കലയും ശാസ്ത്രവുമാണ് ജനാധിപത്യം’  എന്ന് നിര്‍വചിച്ച ലോകപ്രശസ്ത നിരൂപകന്‍ ഹെന്‍റി ലൂയിസ് മെങ്കനെ പോലും അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ രാജ്യം വീണടിഞ്ഞ നിരവധി ഘട്ടങ്ങള്‍. അധികാരമേല്‍പ്പിച്ച ഭരണാധികാരികള്‍ തൊട്ടുതലോടിയും തല്ലിത്തകര്‍ത്തും കടന്നുപോവുമ്പോഴും  പ്രതീക്ഷകളുടെ ഭാണ്ഡംപേറാന്‍  ജനം ഇന്നുവരെ ഒരു മടിയും കാണിച്ചിട്ടില്ല.  ഇന്ത്യയുടെ ഉരുക്കുവനിതയെന്ന വിശേഷണം വേണ്ടുവോളം ഏറ്റുവാങ്ങിയ രാജ്യത്തിന്‍െറ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരിക്കും ചരിത്രത്തില്‍ ഏറെ ചോദ്യം ചെയ്യപ്പെട്ട ഭരണാധികാരികളിലൊരാള്‍. അവരെ സ്നേഹിക്കുന്ന കോടിക്കണക്കിനാളുകളുടെ വാഴ്ത്തുപാട്ടുകളിലെ അര്‍ഥമില്ലായ്മയിലേക്കല്ല വിരല്‍ ചൂണ്ടുന്നത്. അടിയന്തരാവസ്ഥയുടെ മുറിവുണക്കാന്‍ പ്രാപ്തമായിരുന്നോ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വം എന്നു ചോദിക്കുന്ന പലരെയും ഇന്നും  നമുക്ക് കാണാന്‍ കഴിയും. മരണം പലപ്പോഴും മഹത്വവത്കരണത്തിന് കാരണമാകാറുണ്ടെങ്കിലും ചരിത്രം ഇന്ദിരയെ ആ അര്‍ഥത്തില്‍ രേഖപ്പെടുത്താന്‍ തരമില്ല. വിമര്‍ശങ്ങള്‍ ഏറെ ഏല്‍ക്കേണ്ടിവന്നെങ്കിലും ഇന്ദിര ഒരു കാലഘട്ടമായിരുന്നു. അതിദേശീയതയും വര്‍ഗീയതയും കൊടുമ്പിരിക്കൊണ്ട ഒരു കാലഘട്ടത്തില്‍ രാജ്യം ഭരിക്കാന്‍ നിയോഗിക്കപ്പെട്ട ഒരുവള്‍. അധികാരത്തിന്‍െറ സകല വേണ്ടാതീനവും പുറത്തെടുത്തിട്ടും ഒരു ക്ളീന്‍ ഇമേജ് കാത്തു സൂക്ഷിച്ചവര്‍. ചേരിചേരാ രാജ്യങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കിയവര്‍. വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും അടിയന്തരാവസ്ഥ ഒരു മുറിവ് തന്നെയായിരുന്നു. അതില്‍ ഇന്ദിരക്ക് അവസാനകാലം വരെ മന$സ്താപമുണ്ടായിരുന്നില്ല. മകന്‍ രാജീവും മരുമകള്‍ സോണിയയും ‘സ്വതന്ത്ര വായു’ ശ്വസിച്ച് മക്കളെ വളര്‍ത്തുന്നതിന് ഇറ്റലിയിലേക്ക് നാടുവിടാനൊരുങ്ങിയ കഥകള്‍ നാട്ടില്‍ പാട്ടായെങ്കിലും പില്‍കാലത്ത് അതൊരു നുണക്കഥയെന്ന് ഇന്ദിരയുടെ വിശ്വസ്തനായ ആര്‍.കെ. ധവാന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍,  ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറുടെയും ഫലസ്തീന്‍ നേതാവായിരുന്ന യാസിര്‍ അറഫാത്തിന്‍െറയും ക്യൂബന്‍ പ്രസിഡന്‍റായിരുന്ന സാക്ഷാല്‍ ഫിദല്‍ കാസ്ട്രോയുടെയും ഗുഡ് ലിസ്റ്റില്‍ ഇന്ദിര ഗാന്ധി ഉണ്ടായിരുന്നുവെന്നതാണ് വസ്തുത.
 സത്വന്ത് സിങ്, ബിയാന്ത് സിങ് എന്നീ സിഖുകാരായ അംഗരക്ഷകരാല്‍ വധിക്കപ്പെട്ട ഇന്ദിര കടന്നുപോകുമ്പോള്‍ ജനാധിപത്യം ഒരു കണ്ണാടിക്കുമുന്നില്‍ നിന്ന് ഒരായിരം ചോദ്യങ്ങള്‍ ചോദിച്ചുകാണണം. മുപ്പത്തൊന്ന് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 31 ബുധനാഴ്ചയാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്. രാവിലെ ഒമ്പത് മണിക്ക് ഒരു ഡോക്യുമെന്‍ററിയുടെ ഭാഗമായി ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്തിനോവുമായുള്ള അഭിമുഖത്തിനായി ഓദ്യോഗിക വസതിയില്‍നിന്നും സഫ്ദര്‍ജങ്ങിലെ കോണ്‍ക്രീറ്റ് പാകിയ നടപ്പാതയിലൂടെ പോകുമ്പോള്‍ അംഗരക്ഷകരുടെ വെടിയുണ്ടക്കിരയാവുകയായിരുന്നു.
സ്വതന്ത്ര സിഖ് രാജ്യമായ ഖാലിസ്ഥാന്‍െറ രൂപവത്കരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാന്‍ ‘ഓപറേഷന്‍ ബ്ളൂസ്റ്റാര്‍’ എന്നറിയപ്പെടുന്ന സൈനിക നടപടിയാണ് ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന് വഴിവെച്ചത്. സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്സറിലെ സുവര്‍ണക്ഷേത്രം സൈനിക നടപടിയിലൂടെ ആക്രമിക്കപ്പെട്ടത് സിഖ് വികാരം വ്രണപ്പെടുത്താന്‍ കാരണമായി. എന്നാല്‍, ഈ പ്രതികാരനടപടി ഒരു വംശഹത്യയിലേക്കാണ് സിഖുകാരെ കൊണ്ടത്തെിച്ചത്. രാജ്യത്തിന്‍െറ പ്രധാനമന്ത്രിയുടെ രക്തത്തിന് കണക്കുചോദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരാല്‍ കൊല്ലപ്പെട്ടത് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും മാത്രം 3000ത്തിലധികം പേരാണ്.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം അക്രമാസക്തരായ ജനക്കൂട്ടം ഡല്‍ഹിക്കടുത്ത സുല്‍ത്താന്‍പുരിയിലും ത്രിലോക്പുരിയിലും മംഗല്‍പുരിയിലും തെരുവിലിറങ്ങി. പിന്നീട് ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു.  ഇരുമ്പു ദണ്ഡുകളും സ്ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുള്‍പ്പെടെ കൈയില്‍ കിട്ടിയ എല്ലാ നശീകരണ വസ്തുക്കളും വേണ്ടുവോളം ഉപയോഗിച്ചു. സിഖ് സമുദായാംഗങ്ങളെയെല്ലാം തിരഞ്ഞു പിടിച്ച് ആക്രമിച്ചു. സിഖ് ഭൂരിപക്ഷപ്രദേശങ്ങളില്‍ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ഡല്‍ഹിയില്‍ ബസുകളും ട്രെയിനുകളും തടഞ്ഞുനിര്‍ത്തി സിഖ് യാത്രക്കാരെ പച്ചക്ക് കത്തിച്ചു. ഏതാണ്ട് 20000ഓളം ആളുകള്‍ ഡല്‍ഹി വിട്ട് ഓടിപ്പോയെന്ന് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക രേഖകള്‍ പറയുന്നു. ചുരുങ്ങിയത് ആയിരത്തോളം ആളുകള്‍ക്ക് വീടുള്‍പ്പെടെ നഷ്ടപ്പെട്ടുവെന്ന് പീപ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.
   ‘ഒരു വന്‍മരം വീഴുമ്പോള്‍ സമീപപ്രദേശങ്ങള്‍ കുലുങ്ങുക സ്വാഭാവികം’ -സിഖ് വിരുദ്ധകലാപത്തിന്‍െറ ന്യായീകരണമായി  രാജീവ് ഗാന്ധി നടത്തിയ പ്രസ്താവനയായിരുന്നു ഇത്. കലാപത്തിന്‍െറ സൂത്രധാരനെന്ന സംശയത്തിന്‍െറ നിഴല്‍ രാജീവിന്‍െറ മരണശേഷവും  വിടാതെ പിന്തുടരാന്‍ പ്രാപ്തമായിരുന്നു ആ വാക്കുകള്‍. ഒടുവില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ അധ്യക്ഷയും രാജീവിന്‍െറ ഭാര്യയുമായ സോണിയ ഗാന്ധിക്ക് ആ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയേണ്ടിവന്നു. കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന സജ്ജന്‍കുമാറിന്‍െറ നേതൃത്വത്തിലായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയതെന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ വ്യക്തമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും ആരോപണം ഉയര്‍ന്നു. കലാപത്തിന്‍െറ കാരണക്കാരെ തേടി പത്തിലധികം കമീഷനുകളും സമിതികളുമാണ് കിണഞ്ഞുശ്രമിച്ചത്. എന്നാല്‍, വന്‍ തോക്കുകള്‍ നിയത്തിനുമുന്നില്‍ നിന്ന് വളരെ വിദഗ്ധമായി രക്ഷപ്പെടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
 കലാപാനന്തരം സിഖുകാരുടെ ഊഴംകാത്തുള്ള തിരിച്ചടികള്‍ പല നേതാക്കളുടെയും ഉറക്കം കെടുത്തി. സിഖ് വിരുദ്ധ കലാപത്തിലെ കുറ്റവാളികളെ കുറിച്ച് ‘പീപ്ള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്’  പുറത്തിറക്കിയ ലഘുലേഖയില്‍  മൂന്നാമനായി ഇടംപിടിച്ച പാര്‍ലമെന്‍റ് അംഗവും കോണ്‍ഗ്രസ് (ഐ) നേതാവുമായ  ലളിത് മാക്കനെ 1985 ജൂലൈ 31ന് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ വധിച്ചു. ജസ്റ്റിസ് നാനാവതി കമീഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് അര്‍ജുന്‍ദാസും കൊല്ലപ്പെട്ടു.  1985 ജൂണ്‍  23ന് 320 യാത്രക്കാരുമായി മോണ്‍ട്രിയലില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അയര്‍ലന്‍ഡിലെ ഷാന്‍വിക്കില്‍ വെച്ച് തകര്‍ന്നു വീണു. മുഴുവന്‍ യാത്രികരും കൊല്ലപ്പെട്ട  ഈ സംഭവത്തിന്‍െറ ഉത്തരവാദിത്തം സിഖ് പോരാളികള്‍ ഏറ്റെടുത്തിരുന്നു.
 പൊലീസ് കമീഷണര്‍ ആയിരുന്ന വേദ് മര്‍വയുടെ നേതൃത്വത്തിലുള്ള മര്‍വ കമീഷനാണ് കലാപത്തെ കുറിച്ച് ആദ്യം അന്വേഷിച്ചത്. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് സുപ്രീം കോടതി ജഡ്ജിയായിരുന്ന രംഗനാഥമിശ്രയിലേക്ക് അന്വേഷണം കൈമാറി. 1986ല്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് സര്‍ക്കാര്‍ കോള്‍ഡ് സ്റ്റോറേജിലൊതുങ്ങി. കപൂര്‍-മിത്തല്‍ സമിതി, ജയിന്‍ ബാനര്‍ജി സമിതി, അഹുജ സമിതി, ധില്ലന്‍ സമിതി, നരുള സമിതി, നാനാവതി കമീഷന്‍ തുടങ്ങിയ വലിയ നിര തന്നെ അന്വേഷണം നടത്തി.  2005 ആഗസ്റ്റ് അഞ്ചിന് പാര്‍ലമെന്‍റിന്‍െറ മേശപ്പുറത്ത് വെച്ച നാനാവതി കമീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍ കുമാര്‍, എച്ച്.കെ.എല്‍ ഭഗത് എന്നിവര്‍ക്കും അന്നത്തെ പൊലീസ് കമീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് ജഗദീഷ് ടൈറ്റ്ലര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജി വെക്കേണ്ടി വന്നു. എന്നാല്‍, പിന്നീട് സി.ബി.ഐ ജഗദീഷ് ടൈറ്റ്ലറെയും കോടതി സജ്ജന്‍ കുമാറിനെയും കുറ്റവിമുക്തരാക്കിയിരുന്നു.
 ഒന്ന് ചീയുന്നത് മറ്റൊന്നിന് വളം എന്ന മട്ടില്‍ ഇന്ദിരയുടെ വീഴ്ചയും സിഖ് കലാപവുമെല്ലാം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയത് സംഘ്പരിവാറാണ്. കലാപാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യം ഉറപ്പുവരുത്തി ‘വിശുദ്ധ സംഘമായി’ ആര്‍.എസ്.എസ് ജനഹൃദയങ്ങളില്‍ ഇടിച്ചുകയറാന്‍ ശ്രമം നടത്തിയിരുന്നു. പ്രമുഖ നിയമജ്ഞനും എഴുത്തുകാരനുമായ ഖുഷ്വന്ത് സിങ് എഴുതിയ ലേഖനത്തില്‍ സിഖുകാര്‍ക്കൊപ്പംനിന്ന് പ്രതിരോധം തീര്‍ത്ത ആര്‍.എസ്.എസിനെ കുറിച്ചും പ്രമുഖ നേതാക്കളെ കുറിച്ചും പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍, അസഹിഷ്ണുതയുടെ അപാരതലങ്ങളില്‍ വിരാജിക്കുന്ന അക്കൂട്ടര്‍ക്ക് ആ വിശുദ്ധിയുടെ കാപട്യം അധികം വൈകാതെതന്നെ വെളിപ്പെടുത്തേണ്ടിവന്നു. 2002ല്‍ ഗോദ്ര സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മുസ്ലിം സമുദായത്തെ ചുട്ടെരിക്കാന്‍ ആ ‘വിശുദ്ധ’ കൈകള്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. പക്ഷേ, ഗുജറാത്ത് കലാപാനന്തരം ഭൂരിപക്ഷത്തിന്‍െറ സംരക്ഷകനിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍ പിന്നീട് രാജ്യത്തിന്‍െറ ഭരണചക്രം കൈക്കലാക്കുന്ന ജനാധിപത്യത്തിന്‍െറ അസാമാന്യ സാധ്യതയെയാണ് നാം കണ്ടത്. സിഖ് വിരുദ്ധ കലാപത്തിന്‍െറ കാരണക്കാരെ മുപ്പതാണ്ടിനിപ്പുറം ഒരു അന്വേഷണത്തിന് ഒരുക്കം കൂട്ടുന്നതിന്‍െറ പിന്നിലുള്ള രാഷ്ട്രീയവും മറ്റൊന്നല്ല.  മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസുകളുടെ പുനരന്വേഷണസാധ്യത വിലയിരുത്താന്‍ ജസ്റ്റിസ് മാഥൂര്‍ സമിതിയെ നിയോഗിച്ചത്.  ഡല്‍ഹി പൊലീസ് തെളിവില്ളെന്നു കണ്ട് അവസാനിപ്പിച്ച 241 കേസുകളില്‍ നാലെണ്ണം മാത്രം വീണ്ടും അന്വേഷിച്ചാല്‍ മതിയെന്നാണ് ജസ്റ്റിസ് നാനാവതി കമീഷന്‍ നേരത്തേ ശിപാര്‍ശ ചെയ്തത്. എന്നാല്‍, എല്ലാ കേസുകളും വീണ്ടും അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയായിരുന്നു. സിഖ്  കലാപം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി നഷ്ടക്കച്ചവടമായിരുന്നെങ്കില്‍ ബി.ജെ.പിക്ക് അതൊരു ബോണസ് ആയിരുന്നു. സിഖ് ജനതക്ക് വേണ്ടി അവര്‍ ഒഴുക്കുന്ന കണ്ണീരിന് മറ്റൊരു വംശത്തിന്‍െറ ചോരയുടെ മണമുണ്ടായിരുന്നു.
ഇന്ദിര ഗാന്ധിയില്‍നിന്ന് മോദിയിലത്തെുമ്പോള്‍ ജനാധിപത്യം ഒരു ഏറുപടക്കമായി പരിണമിച്ച് കഴിഞ്ഞിരിക്കുന്നു. ജനാധികാരം എന്ന സിദ്ധാന്തത്തിന് മേലാണ് ജനാധിപത്യ വ്യവസ്ഥ പണിതുയര്‍ത്തപ്പെട്ടത്. മുതലാളിത്ത ദര്‍ശനത്തില്‍നിന്ന് പുറത്തുവന്ന ഭരണസംവിധാനമെന്ന നിലയില്‍ ജനാധിപത്യം വളരെ സൂക്ഷ്മത ആവശ്യപ്പെടുന്ന ഒന്നാണ്. ബഹുസ്വരത, സഹിഷ്ണുത, പ്രായോഗികത, സഹകരണം, വിട്ടുവീഴ്ച ഇതെല്ലാം അതിനകത്ത് ഇളക്കം തട്ടാതെ കിടക്കേണ്ടതാണെങ്കില്‍, ഇന്ന് സംഭവിക്കുന്നതാകട്ടെ ഇതെല്ലാം പുറത്ത് വലിച്ചിട്ട് അതിന്മേല്‍ കയറി ജനാധിപത്യം ഉദ്ഘോഷിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.