പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ഗുവാഹതി: പശ്ചിമ ബംഗാള്‍, അസം സംസ്ഥാന നിയമസഭകളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. അസമില്‍ 65 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളുമാണ് വോട്ടെടുപ്പ്. 126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 11ന് 39 മണ്ഡലങ്ങള്‍ വിധിയെഴുതും. 

അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി.ജെ.പി-എ.ജി.പി-ബി.പി.എഫ് സഖ്യവും തമ്മിലാണ് പ്രധാന അങ്കം. എ.ഐ.യു.ഡി.എഫും നിര്‍ണായക ശക്തിയാണ്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ബി.ജെ.പിക്ക് 54ഉം എ.ഐ.ഡി.യു.എഫിന് 27ഉം സ്ഥാനാര്‍ഥികളുണ്ട്. ഇവരുള്‍പ്പെടെ മൊത്തം 539 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 95 ലക്ഷം വോട്ടര്‍മാരില്‍ 46 ലക്ഷത്തോളം വനിതകളാണ്. സുരക്ഷക്കായി 40,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ മാവോവാദി സാന്നിധ്യമുള്ള പശ്ചിമ മിഡ്നാപുര്‍, പുരുലിയ, ബാന്‍കുറ ജില്ലകളിലെ മണ്ഡലങ്ങളാണ് തിങ്കളാഴ്ച ബൂത്തിലത്തെുന്നതെന്ന സവിശേഷതയുണ്ട്. ഇതില്‍ തീവ്ര ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള 13 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് വൈകുന്നേരം നാലിന് സമാപിക്കും. മറ്റുള്ളവയില്‍ ആറു വരെയുണ്ടാകും. ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതു സഖ്യവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബി.ജെ.പിയും ശക്തമായി രംഗത്തുണ്ട്. പതിറ്റാണ്ടുകളായി കടുത്ത വൈരം നിലനിര്‍ത്തിയ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലെ സഖ്യം രാജ്യമെങ്ങും വാര്‍ത്തയായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.