ജെ.എന്‍.യു അധ്യാപകര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ദേശദ്രോഹ  മുദ്രചാര്‍ത്തി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അധ്യാപകരും നിരീക്ഷണത്തില്‍. വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കുകയും വേട്ടയാടുന്നതിനെ എതിര്‍ക്കുകയും ചെയ്ത 21 അധ്യാപകരെയാണ് നോട്ടപ്പുള്ളികളാക്കിയിരിക്കുന്നത്. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജെ.എന്‍.യു അധികൃതര്‍ക്ക് കത്തയച്ച വിവരം ദ ഹിന്ദു പത്രമാണ് പുറത്തുവിട്ടത്. ഇത്തരമൊരു പട്ടിക ലഭിച്ചതായി സര്‍വകലാശാല അധികൃതര്‍ സമ്മതിക്കുമ്പോള്‍ ഈയടുത്തൊന്നും ജെ.എന്‍.യു അധികൃതര്‍ക്ക് കത്തയച്ചിട്ടില്ല എന്നാണ് ഡല്‍ഹി പൊലീസിന്‍െറ വാദം. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് വിവാദമായതിനു പിന്നാലെ കാമ്പസിലെ കശ്മീരി വിദ്യാര്‍ഥികളടെ പട്ടിക പൊലീസും സുരക്ഷാ ഏജന്‍സികളും ആവശ്യപ്പെട്ടതായി വിവരം പുറത്തുവന്നപ്പോഴും പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. 
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും നിയമസഹായം ഉറപ്പാക്കുകയും ചെയ്ത അധ്യാപകരുടെ പേരാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. നേരത്തെ മലയാളിയായ പ്രഫ. നിവേദിത മേനോനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംഘ്പരിവാര്‍ പൊലീസിനെ സമീപിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യൂനിയന്‍ അധ്യാപക അസോസിയേഷന്‍ നേതാക്കള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ വ്യാപക പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. അതിനിടെ, പ്രത്യയശാസ്ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് പൊലീസ് നടപടിയെന്ന് അധ്യാപക നേതാക്കള്‍ പറഞ്ഞു. അധ്യാപകരുടെ ഇടതുപക്ഷ ആഭിമുഖ്യം ഒരു കുറ്റകൃത്യമല്ല, ഇക്കാര്യം രഹസ്യവുമല്ല. ഭരണകൂടം ഇത്രമാത്രം തരംതാഴുമെന്നു പ്രതീക്ഷിച്ചില്ളെന്നും അധ്യാപകരെ വേട്ടയാടുന്നത് അംഗീകരിക്കില്ളെന്നും അധ്യാപക അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് പട്നായിക് വ്യക്തമാക്കി.
അതേസമയം, അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികള്‍ക്കെതിരായി നടപടിയെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ജെ.എന്‍.യു അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അന്വേഷണം നടത്തുന്ന സമിതി മാര്‍ച്ച് 11ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന്മേല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ അച്ചടക്കനടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍  ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് വിദ്യാര്‍ഥികള്‍ പേരിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. ആരോപണങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ മറുപടി നല്‍കാനാവില്ളെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. 
അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുള്ളവരുടെ പങ്ക് അന്വേഷിച്ച അന്വേഷണ സമിതി രണ്ടു പേര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയാണ് കുറ്റക്കാരായി കണ്ടത്തെിയിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.