ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെയും നാലാമത്തെയും സര്‍വകലാശാലകളായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയെയും തെരഞ്ഞെടുത്തു. നാഷനല്‍ ബ്യൂറോ ഓഫ് അക്രഡിറ്റേഷന്‍െറ സഹായത്തോടെ കേന്ദ്ര സര്‍ക്കാറിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമീഷനാണ് സര്‍വേ നടത്തിയത്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനത്ത്. മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി രണ്ടാം സ്ഥാനവും ജെ.എന്‍.യു മൂന്നാം സ്ഥാനവും ഹൈദരാബാദ് സര്‍വകലാശാല നാലാം സ്ഥാനവും നേടി.
തിങ്കളാഴ്ച മാനവവിഭവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയാണ് ‘ഇന്ത്യ റാങ്കിങ് 2016’ പ്രകാശനം ചെയ്തത്. അധ്യാപനപാടവം, പഠനനിലവാരം, ഗവേഷണം, പഠനേതരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സര്‍വേ. പൂര്‍വവിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങളും സ്വീകരിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 3500 സ്ഥാപനങ്ങളില്‍നിന്നാണ് മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തത്. ശാസ്ത്രസ്ഥാപനങ്ങളാണ് സര്‍വേയില്‍ മുന്നില്‍. എന്‍ജിനീയറിങ് സ്ഥാപനങ്ങളില്‍ മദ്രാസ് ഐ.ഐ.ടിയും മാനേജ്മെന്‍റ് സ്ഥാപനങ്ങളില്‍ ഐ.ഐ.എം ബാംഗ്ളൂരുമാണ് ഒന്നാം സ്ഥാനത്ത്.
മികച്ച 10 മാനേജ്മെന്‍റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കേരളത്തില്‍നിന്ന് കോഴിക്കോട് കുന്ദമംഗലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആറാം സ്ഥാനത്തും ആദ്യ 10 സര്‍വകലാശാലകളില്‍ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി എട്ടാം സ്ഥാനത്തും എത്തി.
മറ്റ് മികച്ച സര്‍വകലാശാലകളും ബ്രാക്കറ്റില്‍ ലഭിച്ച സ്ഥാനവും: അസം തേസ്പുര്‍ സര്‍വകലാശാല (5), യൂനിവേഴ്സിറ്റി ഓഫ് ഡല്‍ഹി (6), വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല (7), തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (8), പിലാനി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (9), അലീഗഢ് മുസ്ലിം സര്‍വകലാശാല (10).മികച്ച എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍: മുംബൈ ഐ.ഐ.ടി (2), ഖരഗ്പുര്‍ ഐ.ഐ.ടി (3), ഡല്‍ഹി ഐ.ഐ.ടി (4), കാണ്‍പുര്‍ ഐ.ഐ.ടി (5), റൂര്‍ക്കല ഐ.ഐ.ടി (6), ഹൈദരാബാദ് ഐ.ഐ.ടി(7), ഗാന്ധിനഗര്‍ ഐ.ഐ.ടി (8), റൊപാര്‍ രൂപ്നഗര്‍ ഐ.ഐ.ടി (9), പട്ന ഐ.ഐ.ടി (10).
മികച്ച മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, അഹ്മദാബാദ് (2), കൊല്‍ക്കത്ത ഐ.ഐ.എം(3), ലഖ്നോ ഐ.ഐ.എം (4), ഉദയ്പുര്‍ ഐ.ഐ.എം (5), കോഴിക്കോട് ഐ.ഐ.എം (6), ഡല്‍ഹി ഇന്‍റര്‍നാഷനല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (7), ഭോപാല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ് (8), കാണ്‍പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (9), ഇന്ദോര്‍ ഐ.ഐ.എം.
മികച്ച ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍: യൂനിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ചണ്ഡിഗഢ് (2), ന്യൂഡല്‍ഹി ജാമിഅ ഹംദര്‍ദ് (3), പുണെ കോളജ് ഓഫ് ഫാര്‍മസി(4), അഹ്മദാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി, നിര്‍മ യൂനിവേഴ്സിറ്റി (5), മുംബൈ കോളജ് ഓഫ് ഫാര്‍മസി (6), റാഞ്ചി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (7), കൊച്ചി അമൃത സ്കൂള്‍ ഓഫ് ഫാര്‍മസി (8), ഊട്ടി ജെ.എസ്.എസ് കോളജ് ഓഫ് ഫാര്‍മസി (9), മൈസൂരു ജെ.എസ്.എസ് കോളജ് ഓഫ് ഫാര്‍മസി (10).
ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു സമഗ്ര സര്‍വേ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.