100 കോടി പേര്‍ക്ക് ആധാര്‍


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിവരുന്ന ആധാര്‍-ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നൂറുകോടി പേര്‍ക്ക് ലഭ്യമാക്കി. ദിനംപ്രതി അഞ്ചു മുതല്‍ ഏഴു വരെ ലക്ഷം ആളുകളാണ് ആധാറിനായി അപേക്ഷിക്കുന്നതെന്നും ഇടനിലക്കാരില്ലാതെ ദരിദ്രരും അര്‍ഹരുമായ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും പദ്ധതികളും ലഭ്യമാക്കാനും  സുതാര്യമായ സദ്ഭരണം സാധ്യമാക്കാനുമുള്ള പ്രധാന മാര്‍ഗമാണിതെന്നും 100 കോടി പ്രഖ്യാപനം നടത്തിയ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജനങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്നും ഡാറ്റ ബാങ്കുകളും തികച്ചും സുരക്ഷിതമാണെന്നും മന്ത്രി അവകാശപ്പെട്ടു. ആധാറിനായി ശേഖരിച്ച ബയോ മെട്രിക് വിവരങ്ങള്‍ ആരുമായും പങ്കുവെക്കില്ല. എന്നാല്‍, ദേശസുരക്ഷയെ ബാധിക്കുന്ന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ജോയന്‍റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രം രേഖകള്‍ നല്‍കാം. സമാന സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ചോര്‍ത്തുന്നതിന് സുപ്രീംകോടതി നിര്‍ദേശിച്ച നിബന്ധനകള്‍ ഉള്‍ക്കൊണ്ട് അതിലേറെ സുരക്ഷയും ഗൗരവവും ഉറപ്പാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നിയമരൂപവത്കരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളൊന്നും ആധാര്‍ ഇല്ലാത്ത ആളുകള്‍ക്ക് നഷ്ടമാവില്ല. അതിനു ബദല്‍ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിക്കും. എന്നാല്‍, ആധാര്‍ എടുക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കും. നിലവില്‍ അഞ്ചു സേവന മേഖലകളില്‍ ആധാര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെ പലതരം നിര്‍ദേശങ്ങളും ഉയരുന്നുണ്ടെന്നും സുപ്രീംകോടതി അനുവദിച്ചാല്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ പെന്‍ഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ജീവിച്ചിരിക്കുന്നു എന്നു സാക്ഷ്യപ്പെടുത്താന്‍ വര്‍ഷം തോറും ഓഫിസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ ആധാര്‍ അധിഷ്ഠിതമായി ‘ജീവന്‍ പ്രമാണ്‍’ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ആധാര്‍ നമ്പര്‍ പ്രയോജനപ്പെടുത്തി ഇന്‍റര്‍നെറ്റ് വഴി ഈ സൗകര്യം ലഭ്യമാക്കാം. ആധാര്‍ ആശയത്തിന്‍െറ ഉപജ്ഞാതാവ് നന്ദന്‍ നീലേകണിക്ക് നന്ദി പറഞ്ഞ മന്ത്രി ഇതു നടപ്പാക്കിയത് യു.പി.എ സര്‍ക്കാര്‍ ആണെങ്കിലും നന്നായി പ്രയോഗവത്കരിച്ചത് എന്‍.ഡി.എ സര്‍ക്കാര്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.