ന്യൂഡൽഹി: ഇന്ത്യക്ക് അത്യാധുനിക ഹെലികോപ്ടര്‍ കൈമാറിയ വിവാദ ഇടപാടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പേര്‍ക്ക് തടവുശിക്ഷ. ഇറ്റാലിയന്‍ പ്രതിരോധ സ്ഥാപനമായ ഫിന്‍മെകാനികയുടെ മുന്‍ ചീഫ് എക്സിക്യൂട്ടിവും ചെയര്‍മാനുമായ ജിയുസെപ്പി ഒര്‍സിക്കും ഹെലികോപ്ടര്‍ നിര്‍മാണ വിഭാഗമായ അഗസ്റ്റ വെസ്റ്റ്ലന്‍ഡിന്‍റെ മുൻ സി.ഇ.ഒ ബ്രൂണോ സ്പഗാനോലിനിക്കുമാണ് മിലാന്‍ കോടതി തടവുശിക്ഷ വിധിച്ചത്.
ഒര്‍സിക്ക് നാല് വര്‍ഷവും സ്പഗാനോലിനിക്ക് നാലര വര്‍ഷവുമാണ് തടവ്. ഇരുവര്‍ക്കും ആറ് വര്‍ഷം തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതേസമയം, വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇന്ത്യക്ക് 12 അത്യാധുനിക എ.ഡബ്ല്യു-101 ഹെലികോപ്ടറുകള്‍ വില്‍പന നടത്താന്‍ കരാര്‍ നേടുന്നതിന് സര്‍ക്കാറിന് ഇയാള്‍ 67 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് ഇരുവർക്കെതിരായ കേസ്.
അതിപ്രമുഖ വ്യക്തികള്‍ക്ക് (വി.വി.ഐ.പി) യാത്രക്കായാണ് 735 ദശലക്ഷം വിലയുള്ള അഗസ്റ്റ വെസ്റ്റ്ലന്‍ഡ് കോപേഴ്സിന്‍റെ കരാറിൽ ഇന്ത്യയും ഇറ്റലിയും ഒപ്പുവെച്ചത്. 2012 ഡിസംബറില്‍ കോപ്ടറുകള്‍ കൈമാറണമെന്നായിരുന്നു ഉടമ്പടി. ഇതിനിടെ, കരാർ ലഭിക്കാൻ കോഴ നൽകിയെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ യു.പി.എ സര്‍ക്കാറിലെ പ്രതിരോധ മന്ത്രി എ.കെ ആന്‍റണി കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിവാദ ഇടപാട് റദ്ദാക്കി. അഴിമതി നടന്നുവെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിടുകയും ചെയ്തു.
ഇറ്റാലിയന്‍ സര്‍ക്കാറിന് 30 ശതമാനം ഓഹരികളുള്ള ഫിന്‍മെകാനിക നിരവധി വിദേശ രാജ്യങ്ങളുമായി നടത്തിയ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം അന്വേഷണം നേരിട്ടിരുന്നു. കുറ്റക്കാരായി കണ്ടെത്തിയ ഒര്‍സിയെയും സ്പഗാനോലിനിയെയും ഇറ്റാലിയൻ അന്വേഷണസംഘം വീട്ടുതടങ്കലിലാക്കിയിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 2012ൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ വ്യോമസേന മുൻ മേധാവി എസ്.പി ത്യാഗി അടക്കമുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ ഭാഗമായി പശ്ചിമ ബംഗാള്‍ മുൻ ഗവര്‍ണര്‍ എം.കെ നാരായണനെയും ഗോവ മുൻ ഗവര്‍ണര്‍ ബി.വി. വാന്‍ചൂവിനെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇടപാടു നടന്ന കാലത്ത് എം.കെ നാരായണൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും വാന്‍ചൂ കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക സുരക്ഷാസംഘ തലവനുമായിരുന്നു. കൂടാതെ കോൺഗ്രസിലെ ഉന്നതർക്ക് ഇടപാടിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.