ഹന്ദ്വാര വെടിവെപ്പ്: സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹന്ദ്വാരയില്‍ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനുനേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചതിന് പിന്നാലെ താഴ്വര വീണ്ടും പ്രക്ഷുബ്ധമായി. ബുധനാഴ്ച സേനയുമായുള്ള സംഘര്‍ഷത്തില്‍ ഒരു യുവാവുകൂടി കൊല്ലപ്പെട്ടു. വെടിവെപ്പില്‍ പ്രതിഷേധിച്ച് ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത് കോണ്‍ഫറന്‍സ് ബന്ദ് ആചരിച്ചു.

പ്രക്ഷോഭം ശക്തമായ ഹന്ദ്വാര, ശ്രീനഗര്‍, പുല്‍വാമ ജില്ലകളില്‍ സൈന്യം നിരോധാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന നടത്തിയ കണ്ണീര്‍ വാതക പ്രയോഗത്തില്‍ ജഹാംഗീര്‍ അഹ്മ്മദ് വാനി എന്നയാളാണ് മരിച്ചത്. ദ്രുഗ്മുല്ലയിലാണ് സംഭവം. സേന പ്രയോഗിച്ച കണ്ണീര്‍വാതക ഷെല്‍ ഇയാളുടെ തലയില്‍ പതിക്കുകയായിരുന്നു. മറ്റു രണ്ടുപേര്‍ക്കും പരിക്കുണ്ട്. അതിനിടെ, ഹന്ദ്വാരയില്‍ ക്രമസമാധനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജമ്മുകശ്മീര്‍ പൊലീസിലെ ഒരു എ.എസ്.ഐയെ അധികൃതര്‍ സസ്പെന്‍ഡു ചെയ്തു.
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സംഭവത്തില്‍ അനുശോചിച്ചു. പ്രക്ഷോഭം നേരിടുമ്പോള്‍ പരമാവധി സംയമനം പാലിക്കണമെന്ന് സൈന്യത്തോട് അവര്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് സൈനികതല അന്വേഷണം നടത്തുമെന്നും പ്രകടനം നേരിടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ഹന്ദ്വാര സന്ദര്‍ശിച്ച നോര്‍തേണ്‍ കമാന്‍ഡ് തലവന്‍ ലഫ്റ്റനന്‍റ് ജനറല്‍ ഡി.എസ് ഹൂഡ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡല്‍ഹി സന്ദര്‍ശനത്തിനത്തെിയ മെഹ്ബൂബ ബുധനാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രതിരോധ മന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചക്ക് ശേഷം  മെഹ്ബൂബ അറിയിച്ചു.

മുഹമ്മദ് ഇഖ്ബാല്‍, യുവ ക്രിക്കറ്റ് താരം നഈം ഭട്ട് എന്നിവരാണ് ചൊവ്വാഴ്ച പ്രതിഷേധത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വീടിനരികെ വയലില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്ന രാജ ബീഗത്തിനും (70) സൈന്യത്തിന്‍െറ വെടിയേറ്റു. ഇവര്‍ ശ്രീനഗറിലെ ആശുപത്രിയില്‍വെച്ചാണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച ഡെപ്യൂട്ടി കമീഷണര്‍ കുമാര്‍ രാജീവ് രഞ്ജന്‍, വെടിവെപ്പിനെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ടെന്നും വെടിയുതിര്‍ത്തത് പൊലീസ് ആണോ സൈന്യമാണോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.  

അതിനിടെ, തന്നെ പീഡിപ്പിച്ചത് സൈനികരല്ളെന്നും നാട്ടുകാരാണെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറയുന്ന വിഡിയോ പുറത്തുവന്നു. സൈനിക ബങ്കറിനടുത്തുള്ള ടോയ്ലറ്റില്‍ പ്രാഥമിക ആവശ്യം നിര്‍വഹിച്ചു പുറത്തുവന്ന തന്നെ സൈനീകനൊപ്പമായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനായ ഒരു ചെറുപ്പക്കാരനും അയാള്‍ക്കൊപ്പമുണ്ടായിരുന്നവരും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.
കസ്റ്റഡിയില്‍ വെച്ച് പൊലീസ് തന്നെയാണ് വിഡിയോ റെക്കോഡ് ചെയ്തതെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിഡിയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടി പൗരാവകാശ സംഘടനകളുടെ കൂട്ടായ്മയുടെ കോഡിനേറ്ററായ ഖുര്‍റം പര്‍വേസ് രംഗത്തത്തെി.സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചുമതലയേറ്റ മെഹ്ബൂബ മുഫ്തിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് പുതിയ സംഭവങ്ങള്‍.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.