ഹന്ദ്വാര പെൺകുട്ടിയെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന് മാതാവ്

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ സൈനികൻെറ ഉപദ്രവത്തിന് ഇരയായില്ല എന്ന മൊഴി പെൺകുട്ടിയെ നിർബന്ധിച്ച് പറയിച്ചതാണെന്ന് മാതാവ്. നേരത്തെ തന്നെ പൊലീസ് പീഡിപ്പിച്ചില്ലെന്ന് പെൺകുട്ടി മൊഴി നൽകുന്നതിൻെറ വിഡിയോ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പെൺകുട്ടിയുടെ ഉമ്മ.

എൻെറ കുട്ടിക്ക് 16 വയസ്സ് മാത്രമാണ് പ്രായമുള്ളത്. പൊലീസ് മൊഴിയെടുത്തു എന്നു പറ‍യുന്ന സമയത്ത് അവൾ ഒറ്റക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്. അത്തരത്തിലൊരു പ്രസ്താവന നൽകാൻ അവളെ നിർബന്ധിച്ചതാണ്. കുട്ടിയെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് കുടുംബത്തെ അറിയിച്ചിരുന്നില്ല. മുഖം മറക്കാതെയാണ് വിഡിയോ പുറത്തുവിട്ടത്. പെൺകുട്ടിയെ തിരിച്ചറിയുന്ന രീതിയിൽ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്നും അവർ എൻ.ഡി.ടി.വിയോട് പറഞ്ഞു.

ചൊവ്വാഴ്ച സ്കൂളിൽ നിന്നും തിരിച്ചുവരുമ്പോൾ പെൺകുട്ടി കയറിയ ബാത്ത്റൂമിലേക്ക് ഒരു സൈനികൻ കയറുകയായിരുന്നു. ബാത്ത്റൂമിൽ സൈനികനെ കണ്ടതോടെ പെൺകുട്ടി ഒച്ചവെച്ച് അടുത്തുള്ളവരെ വിളിച്ചുവരുത്തി. പൊലീസും എത്തി. എന്നാൽ സൈനികൻ രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ തങ്ങളുടെ അനുവാദമില്ലാതെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയാണ് ചെയ്തത്. കോടതിയെ സമീപിച്ച് ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ ഉപദ്രവിച്ച പൊലീസും സൈന്യവും ഇക്കാര്യം അന്വേഷിക്കേണ്ടതില്ല എന്നാണ് തങ്ങളുടെ നിലപാട്.പെൺകുട്ടിയെ കാണാൻ ഞങ്ങളെ അനുവദിച്ചില്ല. പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ അഞ്ച് ദിവസമായി തങ്ങളുടെ പെൺകുട്ടിയെ പറ്റി ഒരു വിവരവും ലഭ്യമല്ലെന്നും ഉമ്മ പറഞ്ഞു.

അതിനിടെ കശ്മീരിൽ പ്രതിഷേധം വ്യാപിക്കുകയാണ്. ഗന്ദർബാലിൽ ശനിയാഴ്ച ഉച്ചക്കും സംഘർഷമുണ്ടായി. സംഘർഷം നേരിടാൻ 3600 സമാന്തരസൈനികരെ കൂടി കേന്ദ്രം കശ്മീരിലേക്ക് അയച്ചിട്ടുണ്ട്. താഴ്വരയിൽ മൊബൈൽ ഇൻറർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

പെൺകുട്ടിയെ സൈനികൻ ഉപദ്രവിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ യുവ ക്രിക്കറ്ററുൾപ്പടെ അഞ്ചു പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 60  പേർക്ക് പരിക്കേറ്റു. ഇന്നലെ മാത്രം പ്ലസ്ടു വിദ്യാർഥി ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഹന്ദ്വാരയിൽ നിന്ന് പ്രതിഷേധം ജമ്മുകശ്മീരിൻെറ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.