കനയ്യയെയും ഉമറിനെയും കൊല്ലാന്‍ തോക്ക് അയച്ച സംഭവം: രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനേതാക്കളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും വധിക്കുമെന്ന ഭീഷണിക്കത്തും നിറതോക്കും ബസില്‍നിന്ന് കണ്ടെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സര്‍വകലാശാലക്ക് മുന്നിലൂടെ പോകുന്ന ബസില്‍ തോക്കുവെച്ച വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച സുലഭ്, കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യു.പി നവനിര്‍മാണ്‍സേന മേധാവി അമിത് ജാനിയുടെ സഹോദരന്‍ സൗരഭ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

പിടിയിലായവരും ജാനിയും ഡല്‍ഹിയിലെ ഹോട്ടലില്‍ കൂടിയിരുന്നാണ് പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് പൊലീസ് വിലയിരുത്തല്‍. ദേശദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റായ കനയ്യയും അഫ്സല്‍ അനുസ്മരണ സംഘാടകനായിരുന്ന ഉമര്‍ ഖാലിദും കാമ്പസ് വിട്ടുപോകണമെന്നും അല്ളെങ്കില്‍, വധിക്കുമെന്നും പത്രങ്ങളും സാമൂഹികമാധ്യമങ്ങളുംവഴി വ്യാപകമായി ഭീഷണിമുഴക്കിയ അമിത് ജാനി ഇപ്പോള്‍ ഒളിവിലാണ്. തിങ്കളാഴ്ച പൊലീസിനോ കോടതിക്കോ മുന്നില്‍ ഹാജരാകുമെന്ന് ഇയാള്‍ കഴിഞ്ഞദിവസം ചില മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനേതാക്കളുടെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.