ബംഗളൂരു: പ്രോവിഡന്‍റ് ഫണ്ട് ഭേദഗതിയില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വസ്ത്രനിര്‍മാണ തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. പലയിടത്തും സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് ബംഗളൂരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെയുള്ള വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. റബര്‍ ബുള്ളറ്റ് ഉപയോഗിച്ചായിരുന്നു വെടിവെപ്പെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി.
മൈസൂരു-ബംഗളൂരു ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചതോടെ വാഹന ഗതാഗതവും സ്തംഭിച്ചു. പതിനായിരത്തിലേറെ തൊഴിലാളികളാണ് പുതിയ കേന്ദ്രനിയമത്തിനെതിരെ തെരുവിലിറങ്ങിയത്. കഴിഞ്ഞദിവസവും തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
ജാലഹള്ളിയിൽ മൂന്ന് ബസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഷാഹി എക്സ്പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, കെ. മോഹന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ജോക്കി എന്നീ കമ്പനികളിലെ തൊഴിലാളികളാണ് നിരത്തിലിറങ്ങിയത്. റോഡില്‍ തീയിട്ടും മറ്റും പ്രതിഷേധക്കാര്‍ തടസ്സങ്ങള്‍ തീര്‍ത്തതും ദുരിതമായി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പ്രദേശത്തെ കടകളും ഷോപ്പുകളും അടച്ചു. 300 പൊലീസുകാരെ സംഭവസ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധം വ്യാപിച്ചതോടെ മെട്രോ സർവീസുകൾ റദ്ദാക്കി.
പ്രോവിഡന്‍റ് ഫണ്ട് വിഷയത്തിലെ പുതിയനയത്തിനെതിരെ ഈ മാസം 26ന് രാജ്യത്തെ ട്രേഡ് യൂനിയന്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ പുതിയ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഒപ്പുശേഖരണ കാമ്പയിനും ഇവര്‍ തുടക്കമിട്ടിട്ടുണ്ട്. ലക്ഷം ഒപ്പുകള്‍ അടങ്ങുന്ന നിവേദനം പ്രധാനമന്ത്രിക്ക് കൈമാറുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമ ഭേദഗതിയാണ് സമരത്തിന് വഴിവെച്ചത്. തൊഴിലുടമ അടക്കുന്ന വിഹിതം ഉൾപ്പെടെയുള്ള മുഴുവൻ പി.എഫ് തുക 58 വയസ് കഴിഞ്ഞാലേ പിൻവലിക്കാനാവൂ എന്നതാണ് പുതിയ ഭേദഗതി. 54 വയസ് പൂർത്തിയാകുമ്പോൾ പി.എഫിന്‍റെ 90 ശതമാനവും പിൻവലിക്കാമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. വിരമിച്ച് ഒരു വർഷത്തിനകം ബാക്കിയുള്ള തുകയും പിൻവലിക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.