ന്യൂഡല്‍ഹി: ഭാര്യയെ സമ്മതംകൂടാതെ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയയാക്കുന്നത് (മാരിറ്റല്‍ റേപ്) ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണെന്ന് വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അറിയിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ മാരിറ്റല്‍ റേപ്പിനെ കുറ്റകൃത്യമായി പരിഗണിക്കാനാവില്ല എന്ന് നേരത്തേ പറഞ്ഞ മന്ത്രി വിഷയത്തില്‍ തീരുമാനം വൈകാതെ പുറത്തുവരുമെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തമാക്കി.
സ്ത്രീമുന്നേറ്റവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ഫലംകാണുന്നുണ്ടെന്നും നടപ്പാക്കിയ 100 ജില്ലകളില്‍ 45 എണ്ണത്തില്‍ കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തില്‍ മികച്ച മാറ്റം വന്നതായും മന്ത്രി പറഞ്ഞു.
പദ്ധതി 61 ജില്ലകളില്‍കൂടി വ്യാപിപ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസവങ്ങള്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും മാത്രം നടക്കുന്നു എന്ന് ഉറപ്പുവരുത്തിയാല്‍ നിരവധി പെണ്‍ശിശുഹത്യകള്‍ ഒഴിവാക്കാനാകുമെന്ന് പറഞ്ഞ മന്ത്രി ആശുപത്രികളില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് എളുപ്പമല്ളെന്നും എന്നാല്‍ വയറ്റാട്ടിമാരെ ഉപയോഗിച്ച് ഇതു നടത്താനാകുമെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.