33 കോടി ജനം വരള്‍ച്ചയുടെ പിടിയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നിലൊന്ന് സംസ്ഥാനങ്ങളില്‍ വരള്‍ച്ചയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ചുരുങ്ങിയത് 256 ജില്ലകളില്‍ 33 കോടി ജനം വരള്‍ച്ചയുടെ പിടിയിലാണ്. 130 താലൂക്കുകള്‍ വരള്‍ച്ചബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകനായ യോഗേന്ദ്ര യാദവിന്‍െറ കീഴിലുള്ള സ്വരാജ് അഭിയാന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി സര്‍ക്കാറിന്‍െറ വിശദീകരണം തേടിയത്. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, ദുരന്തനിവാരണ സംവിധാനം തുടങ്ങിയവ നടപ്പാക്കി ജനങ്ങളുടെ അതിജീവനം ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. വരള്‍ച്ചബാധിത പ്രദേശങ്ങള്‍ തിട്ടപ്പെടുത്താന്‍ ഉപയോഗിക്കുന്ന രീതി മാറ്റി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ആവശ്യപ്പെട്ടു. 

വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസമായി നല്‍കാന്‍ കുടിശ്ശിക ബാക്കിയില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വാദം കേള്‍ക്കുന്നതിനിടെ, വരള്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാതിരുന്ന ഗുജറാത്ത് സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. ‘സംസ്ഥാനം ഗുജറാത്താണെന്നതുകൊണ്ടു മാത്രം കാര്യങ്ങള്‍ ലാഘവത്തോടെ കാണാനാവില്ല. നിങ്ങള്‍ എല്ലാ റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്യണം’ -കോടതി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.