നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവ് -ഹൈകോടതി

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനെതിരെ വിമർശവുമായി വീണ്ടും ഹൈകോടതി. നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ ഉത്തരവും നിയമ പരിശോധനക്ക് വിധേയമാണെന്ന് കോടതി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. രാജാവിനെപോലെ തീരുമാനം പുനഃപരിശോധിക്കാന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് കോടതി മറുപടി നൽകി. ഭരണഘടനയുടെ അന്തസത്ത അതാണ്.  രാഷ്ട്രപതിക്കും  തെറ്റ് സംഭവിച്ചേക്കാം. എല്ലാം നിയമ പരിശോധനക്ക് വിധേയമാണ്. രാഷ്ട്രപതിയുടെ വിവേകത്തില്‍ കോടതിക്ക് സംശയമില്ലെന്നും എത്ര ഉന്നതനായാലും നിയമം രാഷ്ട്രപതിക്കും  മുകളിലാണെന്നും എല്ലാം നിയമത്തിൻെറ കീഴിലാണെന്ന് ഉറപ്പ് വരുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ടിനെ കോടതി അനുകൂലിച്ചു.  തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിൻെറ അധികാരങ്ങൾ കേന്ദ്രം കവരുകയാണ്. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കേന്ദ്രത്തിന് ബോധ്യമുണ്ടായിരിക്കില്ല. ബജറ്റിലെ വോട്ടെടുപ്പ് സമയത്ത് സര്‍ക്കാരിനെ 35 എം.എല്‍.എമാര്‍ എതിര്‍ത്തിരുന്നതായി സൂചനയില്ലെന്നും പ്രതിപക്ഷ നേതാവ് അജയ് ഭട്ട് മാത്രമാണ് ഭിന്നത പ്രകടിപ്പിച്ചിരുന്നതെന്നും കോടതി പറഞ്ഞു.

ഒൻപത് ഭരണകക്ഷി എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്ത് സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് വിശ്വാസ വോട്ട് നേടാൻ സ്പീക്കർ അനുമതി നൽകിയെങ്കിലും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി രണ്ടു ദിവസം ശേഷിക്കെ ഹരീഷ് റാവത്ത് സർക്കാരിനെ ഗവർണർ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ ഹരീഷ് റാവത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.