ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ നിര്‍ബന്ധമല്ലെന്ന രീതി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്‍കി. 2011ല്‍ നടപ്പാക്കിയ മൂല്യനിര്‍ണയ സംവിധാനം മാറ്റി പഴയതുപോലെ ബോര്‍ഡ് പരീക്ഷ പുനരാരംഭിക്കണമെന്ന് ചില കോണുകളില്‍നിന്നുയര്‍ന്ന നിര്‍ദേശത്തെ തുടര്‍ന്ന് അതിന് നീക്കങ്ങളുണ്ടായിരുന്നു.
എട്ടാം ക്ളാസുവരെയുള്ള എല്ലാവരെയും ജയിപ്പിക്കുന്ന രീതിയും പത്താം ക്ളാസ് പരീക്ഷ വേണ്ടെന്നുവെച്ച നടപടിയും തിരുത്തണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലും അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്ന് പുനരാലോചന നടത്തുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചതുമാണ്. ഈ വര്‍ഷം പ്രഖ്യാപിക്കാനിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അഞ്ചുവര്‍ഷമായി തുടരുന്ന നിരന്തര മൂല്യനിര്‍ണയ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കി നടപ്പാക്കിയാല്‍ മതിയെന്നാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ ഇപ്പോഴത്തെ നിലപാട്. പോരായ്മകളുണ്ടെങ്കിലും നിലവിലെ മൂല്യനിര്‍ണയ സംവിധാനത്തിന് അധ്യാപക-രക്ഷാകര്‍തൃ സമൂഹത്തിനിടയില്‍ മികച്ച സ്വീകാര്യതയുണ്ടെന്നും വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നുവെന്നുമാണ് മന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍.
ആഴ്ചതോറും നടത്തുന്ന പരീക്ഷകളും ഗുണംചെയ്യുന്നുണ്ട്. മൂല്യനിര്‍ണയ സംവിധാനം കുറ്റരഹിതമായി നടപ്പാക്കേണ്ടതിന്‍െറ പ്രാധാന്യം വിശദീകരിച്ച് മന്ത്രി സ്മൃതി ഇറാനി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് എഴുതിയിട്ടുണ്ട്.
പാഠ്യപദ്ധതിയുടെ ഭാഗമായ പ്രോജക്ടുകള്‍ പിന്നാക്ക കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് പ്രയാസരഹിതമായി ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങളെക്കുറിച്ചും മന്ത്രാലയം അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറക്കാനുള്ള നയങ്ങളുടെ ഭാഗമായാണ് പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമല്ളെന്ന തീരുമാനം നിലവില്‍വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.