സ്ത്രീയോട് മോശമായി പെരുമാറിയെന്ന്; മധ്യപ്രദേശ് മന്ത്രിക്കെതിരെ പ്രതിഷേധം

ഭോപാൽ: സ്ത്രീയോട് മോശമായി പെരുമാറിയതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുലാൽ ഗൗറിനെതിരെ ആരോപണം. ഭോപാലിൽ ഒരു ചടങ്ങിനിടെ ഗൗർ സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്ന വിഡിയോ പ്രാദേശിക ചാനലാണ് പുറത്തുവിട്ടത്. ആരോപണം വന്നതോടെ മന്ത്രിയുടെ രാജിക്കായി ആവശ്യം ഉയരുകയാണ്.

ഭോപാലിൽ പുതിയ ലോ-ഫ്ലോർ ബസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സംഭവം. പുതിയ ബസിലേക്ക് സ്ത്രീകൾ കയറുന്നതിനിടെ ഗൗർ ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്ന് കാണിക്കുന്ന രംഗം ചാനലുകൾ പുറത്തുവിടുകയായിരുന്നു.

എന്നാൽ ആരോപണങ്ങൾ മുൻ മുഖ്യമന്ത്രി കൂടിയായ ഗൗർ നിഷേധിച്ചു. വിഡിയോ ദൃശ്യത്തിൽ സത്യമില്ല. ബസിൽ പെട്ടെന്ന് കയറാൻ സ്ത്രീകളോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഞാൻ പറയുന്നകാര്യങ്ങൾ സത്യമാണെന്നും ഗൗർ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും എ.എ.പിയും ബി.ജെ.പി സർക്കാറിനെതിരെ രംഗത്തുവന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിനെ പറ്റി ബി.ജെ.പി നിരന്തരം സംസാരിക്കുകയാണ്. എന്നാൽ മധ്യപ്രദേശിൽ സ്ത്രീകളുടെ സുരക്ഷയെ പറ്റി എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്ന് കോൺഗ്രസ് ചോദിച്ചു. എ.എ.പി പ്രവർത്തകർ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വസതിക്കു മുന്നിൽ പ്രതിഷേധം നടത്തി.

10 തവണ നിയമസഭാംഗമായിട്ടുണ്ട ഗൗർ. ചില പരാമർശങ്ങളുടെ പേരിൽ നേരത്തെയും ഗൗർ വിവാദത്തിൽ പെട്ടിരുന്നു. മദ്യപിക്കുന്നത് മൗലികാവകാശമാണെന്നും പ്രൗഢിയുടെ അടയാളമാണെന്നുമുള്ള ഗൗറിൻെറ പരാമർശം നേരത്തെ വിവാദമായിരുന്നു. സാമൂഹിക കുറ്റകൃത്യമായ ബലാത്സംഗം, ചില സമയങ്ങളിൽ ശരിയും ചില സമയത്ത് തെറ്റുമാണെന്ന പരാമർശം വന്നത് 2014ലായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.