പാരിസ് കരാര്‍: കാലാവസ്ഥാനീതി ഉറപ്പാക്കണമെന്ന് ഇന്ത്യ

യുനൈറ്റഡ് നേഷന്‍സ്: പാവപ്പെട്ടവര്‍ക്ക് കാലാവസ്ഥാനീതിയും സുസ്ഥിര ഉപഭോഗവും ഉറപ്പുവരുത്തുന്നതില്‍ പാരിസ് കാലാവസ്ഥാ വ്യതിയാന രൂപരേഖ ശ്രദ്ധചെലുത്തണമെന്ന് കരാറില്‍ ഒപ്പുവെച്ചശേഷം ഇന്ത്യ പറഞ്ഞു. ഭൗമദിനമായിരുന്ന വെള്ളിയാഴ്ചയാണ് 170 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ പാരിസ് പ്രമേയത്തില്‍ ഒപ്പുവെച്ചത്. ഭൗമദിനത്തില്‍ ലോകരാജ്യങ്ങള്‍ ചരിത്രംരചിച്ചെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ഇന്ത്യയെ പ്രതിനിധാനംചെയ്ത കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ഉടമ്പടി സുസ്ഥിര ജീവിതശൈലിക്കും സുസ്ഥിര ഉപഭോക്തൃ മാതൃകക്കുമുള്ള പ്രസക്തി കാണിക്കുന്നതാണ്. അതിരുകവിഞ്ഞ ജീവിതശൈലി തുടര്‍ന്നാല്‍ പല രാജ്യങ്ങളിലെയുംപോലെ ഇവിടെയും ഭൂമി അസന്തുലിതമാവുമെന്നും ഉപഭോഗത്തില്‍ സ്ഥിരത കൊണ്ടുവരലാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ക്യോട്ടോ പെരുമാറ്റച്ചട്ടത്തിന്‍െറ രണ്ടാം കാലാവധിക്ക് ഉടന്‍ അംഗീകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചട്ടത്തിന്‍െറ രണ്ടാംഘട്ടമായ 2016-2020 കാലയളവില്‍ വികസിതരാജ്യങ്ങള്‍ തങ്ങളുടെ ലക്ഷ്യം വര്‍ധിപ്പിക്കണമെന്നും അത് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറന്തള്ളുന്നതിന്‍െറ അളവ് കുറക്കാനുള്ള നടപടികള്‍ ഇന്ത്യ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
കാലാവസ്ഥ വ്യതിയാന രൂപരേഖ കണ്‍വെന്‍ഷനിലെ കക്ഷികളായ 196 രാജ്യങ്ങള്‍ പാരിസില്‍ 2015 ഡിസംബര്‍ 12ന് പാസാക്കിയ പ്രമേയം കഴിഞ്ഞദിവസമാണ് യു.എന്‍ ജനറല്‍ അസംബ്ളി ഹാളില്‍ ഒപ്പുവെച്ചത്. ആഗോള താപനില രണ്ടു ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് പ്രമേയത്തിലെ പ്രധാന പ്രതിജ്ഞ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.