ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്, പി.ഡി.എഫ് എം.എല്‍.എമാരെ ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്തുണക്കുന്ന ബി.എസ്.പി, യു.കെ.ഡി, സ്വതന്ത്ര എം.എല്‍.എമാരുടെ ആറംഗ കൂട്ടായ്മയാണ് പി.ഡി.എഫ് (പുരോഗമന ജനാധിപത്യ സഖ്യം). സര്‍ക്കാര്‍ പ്രതിസന്ധിയിലായപ്പോഴും ഈ സഖ്യം റാവത്തിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഈ ആരോപണം തള്ളിയ ബി.ജെ.പി ഹൈകോടതി വിധിയുടെ പകര്‍പ്പ് കൈപ്പറ്റാതെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ നീക്കം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ബിജാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് റാവത്ത് എം.എല്‍.എമാര്‍ക്ക് ഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. ഇപ്പോഴും സര്‍ക്കാറിന് സഭയില്‍ മതിയായ ഭൂരിപക്ഷമുണ്ട്. ആവശ്യമെങ്കില്‍ അത് തെളിയിക്കുകയും ചെയ്യും. അതിനാലാണ് ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധി പകര്‍പ്പ് ലഭിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ പുന$സ്ഥാപിക്കാനുള്ള നീക്കം നടത്തിയത്. അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം താല്‍ക്കാലികമായി കൊണ്ടുവന്ന കഴിഞ്ഞദിവസത്തെ സുപ്രീംകോടതി വിധി റാവത്തിനെതിരെ ഉപയോഗിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ഹൈകോടതി വിധിപകര്‍പ്പ് ലഭിക്കാതെ സര്‍ക്കാര്‍ പുനസ്ഥാപിക്കാന്‍ ശ്രമിച്ചതിനെ സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ബി.ജെ.പി നേതൃത്വം റാവത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. അതിനിടെ, വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്‍പിച്ച ഹൈകോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പീകര്‍ ശനിയാഴ്ച ഹരജി സമര്‍പ്പിച്ചു. വ്യാഴാഴ്ച രാഷ്ട്രപതി ഭരണം റദ്ദാക്കി സര്‍ക്കാര്‍ പുന$സ്ഥാപിക്കാനുള്ള ഉത്തരവിനൊപ്പമാണ് വിമത എം.എല്‍.എമാര്‍ക്ക് കോടതി അയോഗ്യത കല്‍പിച്ചതും വിശ്വാസ വോട്ടെടുപ്പില്‍ വിലക്കേര്‍പ്പെടുത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.