എല്ലാ ഭാരവും ജുഡീഷ്യറിക്കുമേൽ കെട്ടിവെക്കരുത്​;മോദിക്കു മുമ്പിൽ വിതുമ്പി ചീഫ്​ ജസ്​റ്റിസ്​

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമുന്നിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ വിതുമ്പി.  ജഡ്ജിമാരുടെ കുറവ് നീതിന്യായ വ്യവസ്ഥക്കീ ഭാരമാകുന്നുവെന്ന് പറഞ്ഞാണ് ടി.എസ് ഠാക്കൂര്‍ വിങ്ങിപ്പൊട്ടിയത്.  മുഖ്യമന്ത്രിമാരുടെയും ൈഹകോടതി ചീഫ് ജസ്റ്റിസുമാരുടെയും യോഗത്തിലാണ് സംഭവം.

നീതിന്യായ വ്യവസ്ഥയില്‍ സാധാരണക്കാരനുള്ള വിശ്വാസം ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കേസുകള്‍ കുന്നുകൂടി കിടക്കുന്നു. ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതില്‍ അധികാരികളുടെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണം. 40,000ജഡ്ജിമാരെ വേണ്ടിടത്ത് ഇപ്പോള്‍ 21,000 പേരാണുള്ളത്. ഇതുകൊണ്ടാണ് കേസുകൾ കൂടുേമ്പാഴും കോടതിക്ക് ഒന്നും ചെയ്യാനാവാത്തതിന് കാരണമെന്നും ടി.എസ് ഠാക്കൂര്‍ വിമര്‍ശിച്ചു.

‘പ്രധാനമന്ത്രിയോട് ഒരിക്കലും ഇക്കാര്യം സംസാരിക്കേണ്ടിവരുമെന്നു പ്രതീക്ഷിച്ചില്ല. പ്രധാനമന്ത്രിയും അദ്ദേഹത്തിെൻറ സര്‍ക്കാറും വളരെ ഗൗരവത്തോടെ ഈ വിഷയത്തെ സമീപിക്കണം’  ജഡ്ജിമാരുടെ കുറവിനെക്കുറിച്ച് ടി.എസ് ഠാക്കൂർ പറഞ്ഞു. കേസുകളുടേയോ ജയിലില്‍ കിടക്കുന്ന ആളുകളുളെയോ മാത്രമല്ല രാജ്യത്തിെൻറ വികസനത്തെയും ഇത് ബാധിക്കുന്നുണ്ട്. അതിനാലാണ് ഞാന്‍ താങ്കളോട് ഈ അവസരത്തില്‍ കെഞ്ചുന്നത്. താങ്കള്‍ എല്ലാ ഭാരവും ജുഡീഷ്യറിയുടെ ചുമലില്‍ കെട്ടിവയ്ക്കാൻ നിങ്ങൾക്കാവില്ല. ഞങ്ങളുടെ പ്രകടനം നിങ്ങള്‍ കാണണം. ജഡ്ജിമാരുടെ കഴിവിനും പരിമിതികളുണ്ട് –വാക്കുകള്‍ക്കിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിങ്ങിപ്പൊട്ടി.

മറ്റു രാജ്യങ്ങളിലെ ജഡ്ജിമാരുമായി ഞങ്ങളെ താരതമ്യം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് മുകളിലാണ് ഞങ്ങളുടെ പ്രവര്‍ത്തനമെന്ന് കാണാനാകും. നേരത്തെയും കുറെ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. പാര്‍ലമെൻറില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്നും നടക്കുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേന്ദ്രം പറയുന്നു ജഡ്ജിമാരുടെ നിയമനം സംസ്ഥാനങ്ങളുടെ കടമായാണെന്ന്. സംസ്ഥാനങ്ങളാകട്ടെ കേന്ദ്രം ഫണ്ട് അനുവദിക്കട്ടെയെന്നും പറയുന്നു. ഈ വടംവലി തുടരുമ്പോള്‍ ജഡ്ജിമാരുടെ എണ്ണം നേരത്തെയുള്ള പോലെ തന്നെ തുടരുന്നു. വിദേശ രാജ്യങ്ങളിലെ ജഡ്ജിമാര്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ കുറിച്ച് അത്ഭുതം പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യയിൽ ല്‍ ഒരു ജഡ്ജി ശരാശരി 2600 കേസുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നു. അമേരിക്കയില്‍ ഇത് വെറും 81 മാത്രമാണ്. പ്രധാനമന്ത്രി ഇടപെട്ട് നടപ്പാക്കുന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പോലെത്തന്നെ പ്രധാനപ്പെട്ടതാണ് ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കലെന്നും ഠാക്കൂര്‍ ഒാർമിപ്പിച്ചു.

ജഡ്ജിമാരെ നിയമിക്കുന്നതിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കോടതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ചീഫ് ജസ്റ്റിസിന് പ്രധാനമന്ത്രി  ഉറപ്പുനല്‍കി. ആവശ്യത്തിലധികം നിയമങ്ങൾ നമുക്കുണ്ട്. കാലോചിതമായി നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.