ആം ആദ്മിയോ കോണ്‍ഗ്രസോ? ആശയക്കുഴപ്പത്തില്‍ സിദ്ദു

ന്യൂഡല്‍ഹി:  ബി.ജെ.പി വിട്ട ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന്‍െറ തുടര്‍നീക്കം അനിശ്ചിതത്വത്തില്‍. തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യത്തില്‍ തട്ടി ആം ആദ്മി പാര്‍ട്ടിയുമായി സിദ്ദു നടത്തിയ ചര്‍ച്ച  വഴിമുട്ടി. ഇതോടെ സിദ്ദുവിനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ആം ആദ്മിയോ കോണ്‍ഗ്രസോ  ഏതാണ് നല്ല തട്ടകമെന്ന ആശയക്കുഴപ്പത്തിലാണ് സിദ്ദു എന്നാണ് റിപ്പോര്‍ട്ട്.  രാഷ്ട്രീയത്തിലെ അടുത്ത ഇന്നിങ്സ് ഏതു ടീമിനൊപ്പം എന്ന കാര്യത്തില്‍ സിദ്ദു ഇതുവരെ മനസ്സ് തുറന്നിട്ടില്ല.  മുഖ്യമന്ത്രി സ്ഥാനാര്‍ഥി പദവും ഭാര്യ നവ്ജ്യോത് കൗറിന് ആപ് ടിക്കറ്റുമാണ് ആം ആദ്മിയില്‍ ചേരുന്നതിന് മുന്നോട്ടുവെച്ച ഉപാധി.  എന്നാല്‍, മറുകണ്ടം ചാടി വന്ന ഒരാളെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ആം ആദ്മി ഒരുക്കമല്ല. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ ആം ആദ്മി ഭരണഘടന സമ്മതിക്കുന്നുമില്ല. ഇക്കാര്യം തന്നെ വന്നുകണ്ട സിദ്ദുവിനോട് കെജ്രിവാള്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.  

സിദ്ദുവുമായി ചര്‍ച്ച നടത്തിയതായി സ്ഥിരീകരിച്ച ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ പക്ഷേ, സിദ്ദു എന്തെങ്കിലും ഉപാധി വെച്ചിട്ടില്ളെന്ന് വിശദീകരിച്ചു. പാര്‍ട്ടിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാന്‍ അല്‍പം സമയം വേണമെന്നാണ് സിദ്ദു പറഞ്ഞത്.  അത് അംഗീകരിക്കുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഇല്ളെങ്കിലും മഹാനായ ക്രിക്കറ്റ് താരത്തോട് ആദരവാണെന്നും  കെജ്രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു. രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സിദ്ദുവിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസും ഒരുക്കമല്ല.  കാരണം, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നയിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദറിന് മുകളില്‍ സിദ്ദുവിനെ പ്രതിഷ്ഠിക്കാനാവില്ല.  അധികാരം ലഭിച്ചാല്‍ സിദ്ദുവിന് ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

സിദ്ദുവിന്‍െറ ഭാര്യക്ക് സീറ്റ് നല്‍കാനും കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആം ആദ്മിയുമായി സിദ്ദു നടത്തിയ ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍െറ ഓഫര്‍ സിദ്ദുവിനെ ആകര്‍ഷിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.  ബി.ജെ.പി - ശിരോമണി അകാലിദള്‍ സഖ്യം ഭരണത്തിലിരിക്കുന്ന പഞ്ചാബില്‍ അടുത്ത വര്‍ഷമാണ്  നിയമസഭാ തെരഞ്ഞെടുപ്പ്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിനാല്‍ കോണ്‍ഗ്രസിന് തിരിച്ചുവരവിന് ഏറെ സാധ്യതയുണ്ട്. അതേസമയം, മൂന്നാം ബദലായി ആം ആദ്മി പഞ്ചാബില്‍ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ച നാല് എം.പിമാരും പഞ്ചാബില്‍നിന്നാണ്. ഇവരില്‍ രണ്ടുപേര്‍ പിന്നീട്  യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്‍ സംഘത്തിനൊപ്പം വിമത പക്ഷത്തേക്ക് മാറി. എങ്കിലും ആം ആദ്മി പഞ്ചാബില്‍ നല്ല പ്രതീക്ഷയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.