കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ 95 ശതമാനം ജനങ്ങളും അക്രമം ആഗ്രഹിക്കുന്നില്ല. അവർ സമാധാനമാണ് കാംക്ഷിക്കുന്നത്. കല്ലുകൾക്ക് പകരം കശ്മീരി യുവാക്കൾ കമ്പ്യൂട്ടറുകളും പുസ്തകവും പേനയുമാണ് എടുക്കേണ്ടത്. ഇവരെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കശ്മീരില്ലാതെ ഇന്ത്യക്ക് നിലനിൽക്കാൻ കഴിയില്ല. കശ്മീരില്ലാതെ ഇന്ത്യ അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ സൈനികരോട് പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയകാലത്ത് സൈന്യം നടത്തിയ സേവനങ്ങൾ ജനങ്ങൾ മറക്കരുത്. പെല്ലറ്റ് ഗണ്ണുകൾക്ക് പകരം സംവിധാനം എന്തെന്ന് ഉടൻതന്നെ സർക്കാർ പ്രഖ്യാപിക്കുന്നതാണ്. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ്  രാജ്നാഥ് സിങ് ഇക്കാര്യങ്ങൾ അറിയിച്ചത്.

ഈ സന്ദർശനത്തിൽ മുന്നൂറിലധികം ആളുകളെ നേരിട്ട് കണ്ടു. കാണാനാഗ്രഹിക്കുന്ന ആരുമായും താൻ കൂടിക്കാഴ്ചക്ക് തയാറാണ്. 20 ലധികം ദൗത്യസംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും ആഗ്രഹിക്കുന്നത് താഴ്വരയിൽ സമാധാനം പുലരണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.