സര്‍വകക്ഷി സംഘം നാലിന് കശ്മീരിലേക്ക്

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം അടുത്ത ഞായറാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. കടുത്ത സംഘര്‍ഷാവസ്ഥ നിലവിലുള്ള കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി അനുനയ സംഭാഷണമാണ് ലക്ഷ്യം. ഹുര്‍റിയത് കോണ്‍ഫറന്‍സും മറ്റു വിഘടിത വിഭാഗങ്ങളും അടക്കമുള്ളവരുമായി സര്‍വകക്ഷി സംഘത്തിലുള്ളവര്‍ സംഭാഷണം നടത്തും.

വിഘടിതരുമായി ചര്‍ച്ചക്ക് തയാറല്ളെന്ന നിലപാട് തിരുത്താന്‍ ഇതിനകം കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടുണ്ട്. അതേസമയം, സര്‍വകക്ഷി സംഘത്തിലെ എല്ലാവരും ഉള്‍പ്പെട്ട ഒൗപചാരിക ചര്‍ച്ച വിഘടിതരുമായി ഉണ്ടാകാനിടയില്ല. കേന്ദ്രസര്‍ക്കാറിന്‍െറ അനുനയ വികാരം അറിയിക്കാന്‍ ഏതാനും പേര്‍ ഹുര്‍റിയതിനെയും മറ്റും കാണാനാണ് സാധ്യത. തുടര്‍ന്ന് വിശദ ചര്‍ച്ചകള്‍ക്ക് പ്രമുഖര്‍ ഉള്‍പ്പെടുന്ന മധ്യസ്ഥ സമിതിയെ നിയോഗിക്കും. മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രിയും ജമ്മു സ്വദേശിയുമായ ജിതേന്ദ്ര സിങ് എന്നിവരുമായി സര്‍വകക്ഷി സംഘാംഗങ്ങള്‍ ആരൊക്കെയാകണം എന്നതിനെക്കുറിച്ചും മറ്റും കൂടിയാലോചന നടത്തിയിരുന്നു.

അതേസമയം, സ്ഥിതിഗതി കള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ മൂന്ന് പൊലീസ് സ്റ്റേഷന്‍ പരിധിയിലൊഴികെ സംസ്ഥാനം മുഴുവന്‍ കര്‍ഫ്യൂ ഒഴിവാക്കി. 51 ദിവസത്തിനുശേഷമാണ് കര്‍ഫ്യൂ നീക്കിയത്. പുല്‍വാമയിലും എം.ആര്‍ ഗഞ്ച്, നൗഹാട്ട എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലുമാണ് കര്‍ഫ്യൂ നിലനില്‍ക്കുന്നത്. കര്‍ഫ്യൂ നീക്കിയതോടെ സ്വകാര്യ കാറുകളും ഓട്ടോറിക്ഷകളും ഓടിത്തുടങ്ങി. എന്നാല്‍, ബസ് സര്‍വിസ് സാധാരണ നിലയിലായിട്ടില്ല. വിഘടനവാദികള്‍ ആഹ്വാനംചെയ്ത ബന്ദ് തുടരുന്നതിനാല്‍ സ്കൂളുകളും കോളജുകളും കടകളും അടഞ്ഞുകിടന്നു. ബന്ദ് സെപ്റ്റംബര്‍ ഒന്നുവരെ തുടരും. അതിനിടെ, ശ്രീനഗര്‍, ബുദ്ഗാം ജില്ലകളില്‍ സംഘട്ടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. സുരക്ഷാസേനക്കെതിരെ കല്ളെറിഞ്ഞ യുവാക്കളെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.