കോയമ്പത്തൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) ആഭിമുഖ്യത്തില്‍ പശ്ചിമ തമിഴക ജില്ലകളിലൂടെ ഭൂഗര്‍ഭ പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹരജി സുപ്രീംകോടതി തള്ളിയത് ജയലളിത സര്‍ക്കാറിന് ക്ഷീണമായി. 2013ലാണ് കര്‍ഷക സമരവും തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാറിന്‍െറ ഇടപെടലും മൂലം ഗെയിലിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ണമായും തമിഴകത്ത് സ്തംഭിച്ചത്. കൊച്ചിയില്‍നിന്ന് ബംഗളൂരു വരെയുള്ള പൈപ്പ് ലൈന്‍ തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കൃഷ്ണഗിരി, ധര്‍മപുരി, നാമക്കല്‍ ജില്ലകളിലെ കൃഷിഭൂമികളിലൂടെയാണ് സ്ഥാപിക്കാനിരുന്നത്. ഇതിനെതിരെ വ്യാപക കര്‍ഷക പ്രക്ഷോഭമാണ് അരങ്ങേറിയത്.
ഭീമന്‍ വാതക പൈപ്പ് ലൈനുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്കയാണ് കര്‍ഷകരില്‍. സ്വകാര്യ ഭൂമിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാതെ ദേശീയ പാതയോരങ്ങളിലൂടെ സ്ഥാപിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ഗെയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ കോടതി നിര്‍ദേശപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ മേഖലയിലെ കര്‍ഷകരില്‍നിന്ന് തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കര്‍ഷകര്‍ക്ക് ദോഷമാവുന്ന പദ്ധതികളുമായി സഹകരിക്കാനാവില്ളെന്ന നിലപാടാണ് ജയലളിത സര്‍ക്കാര്‍ സ്വീകരിച്ചത്.
ദേശീയപാത വഴി പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സുപ്രീംകോടതിയിലും ഉന്നയിച്ചു. ഈ നിര്‍ദേശം മദ്രാസ് ഹൈകോടതി നിരാകരിച്ചിരുന്നു. കേരളത്തിലും ആന്ധ്രയിലും ദേശീയപാതയോരങ്ങളിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചതുപോലെ തമിഴ്നാട്ടിലും ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ ഹരജിയില്‍ അറിയിച്ചു. ദേശീയപാത വഴി പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതിന് നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും കൂടുതല്‍ ചെലവ് വരുമെന്നുമാണ് ഗെയില്‍ അധികൃതരുടെ വാദം. ഇത് അംഗീകരിക്കാനാവില്ളെന്നും പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ 5,500ഓളം പാവപ്പെട്ട ചെറുകിട കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.
വില്‍ക്കുന്ന സമയത്ത് ഭൂമിക്ക് നല്ല വില കിട്ടില്ളെന്നും ബോധിപ്പിച്ചു. എന്നാല്‍, വിപണി വിലയുടെ 40 ശതമാനം തുക കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി. വോട്ടുബാങ്ക് മുന്നില്‍കണ്ടാണ് തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. അതിനിടെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ച് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ രംഗത്തുവന്നു. ജനക്ഷേമ മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി നടപ്പാക്കുന്നതിനെ തുടര്‍ന്നും ശക്തിയായി എതിര്‍ക്കുമെന്ന് സംയുക്ത കര്‍ഷകസംഘം പ്രസി. പി.ആര്‍. പാണ്ഡ്യന്‍ അറിയിച്ചു. കോടതിവിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.കെ. സ്റ്റാലിന്‍, ജി.കെ. വാസന്‍, ഇ.വി.കെ.എസ്. ഇളങ്കോവന്‍, സീമാന്‍, തിരുമാവളവന്‍ തുടങ്ങിയ നേതാക്കളും വിധിയെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.