ഏറ്റവും ഉയരമുള്ള ക്ലോക്ക് ടവര്‍ മലയാളി ഒരുക്കും; ഇന്‍ഫോസിസിനുവേണ്ടി

ബംഗളൂരു: സ്വതന്ത്രമായി നില്‍ക്കുന്ന ലോകത്തെ ഏറ്റവും ഉയരമുള്ള ക്ളോക്ക് ടവര്‍ നിര്‍മിക്കാന്‍ ഐ.ടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് ഒരുങ്ങുന്നു. 345 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന കമ്പനിയുടെ മൈസൂരുവിലെ ആഗോള വിദ്യാഭ്യാസ കേന്ദ്രത്തിലാണ് നിര്‍മാണം. നിര്‍മിക്കുന്നത് വേറിട്ട നിര്‍മാണ രീതിയിലൂടെ ശ്രദ്ധേയരായ, കോഴിക്കോട് സ്വദേശി ഫൈസല്‍ ഇ കൊട്ടികോളന്‍െറ ബംഗളൂരു കേന്ദ്രമായ കെ.ഇ.എഫ് ഇന്‍ഫ്രാ എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയും.

ലണ്ടനിലെ ബിഗ് ബെന്‍ (96 മീറ്റര്‍), കാലിഫോര്‍ണിയയിലെ ഹൂവര്‍ ടവര്‍ (87 മീറ്റര്‍), കോര്‍ണലിലെ മക്ഗ്രോ ടവര്‍ (53 മീറ്റര്‍) എന്നിവയെ കടത്തിവെട്ടി 135 മീറ്റര്‍ ഉയരത്തില്‍ 19 നിലകളുമായി ഗോത്തിക് ശൈലിയിലാണ് നിര്‍മാണം. ഏഴാം നിലയില്‍ ബോര്‍ഡ് റൂമും ക്രമീകരിക്കുന്ന ടവറിന്‍െറ ചുവട് 22 ചതുരശ്ര മീറ്റര്‍ അടിത്തറയില്‍നിന്നാവും നിര്‍മിക്കുക. 60 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 20 മാസം കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂരു കാമ്പസ് രൂപകല്‍പന ചെയ്ത മുംബൈയിലെ ഹാഫിസ് കോണ്‍ട്രാക്ടര്‍ തന്നെയാണ് ക്ളോക്ക് ടവറും രൂപകല്‍പന ചെയ്തത്. ന്യൂയോര്‍ക്കിലെ ലെറ എന്ന സ്ട്രെക്ചറല്‍ എന്‍ജിനീയറിങ് സ്ഥാപനത്തിന്‍െറ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നു.

ടവര്‍ നിര്‍മാണം ഏറ്റെടുത്ത ഫൈസല്‍ രണ്ടുവര്‍ഷം മുമ്പാണ് കെ.ഇ.എഫ് ഇന്‍ഫ്രാ എന്ന കണ്‍സ്ട്രക്ഷന്‍ സ്റ്റാര്‍ട്ട് അപിന് തുടക്കമിട്ടത്. മണിപ്പാലില്‍നിന്ന് എന്‍ജിനീയറിങ്, എം.ബി.എ വിദ്യാഭ്യാസത്തിനുശേഷം യു.എ.ഇയിലെ അജ്മാനില്‍ 1995ല്‍ സ്ക്രാപ് മെറ്റല്‍ ബിസിനസ് തുടങ്ങിയ ഫൈസല്‍ പിന്നീട് അവിടെതന്നെ എമിറേറ്റ്സ് ടെക്നോ കാസ്റ്റിങ് എന്ന സ്ഥാപനവും തുടങ്ങിയിരുന്നു. 2014 ഏപ്രിലില്‍ തുടങ്ങിയ കെ.ഇ.എഫിന് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ 10 ഫാക്ടറികളാണുള്ളത്. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വിവിധ ഭാഗങ്ങള്‍ അവിടെ നിര്‍മിച്ച് നിര്‍മാണ സ്ഥലത്ത് എത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. തികച്ചും യന്ത്രവത്കൃത സംവിധാനവും കാഡ്, കാം സോഫ്റ്റ്വെയര്‍ സൗകര്യങ്ങളും ഉപയോഗിച്ച് ചെലവും നിര്‍മാണ സമയവും കുറക്കുന്നതാണ് കമ്പനിയുടെ പ്രത്യേകത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.