ചണ്ഡീഗഢ്: ജാതിയെക്കുറിച്ച് ഒന്നും മിണ്ടാതെ എല്ലാവരുടെയും അവകാശങ്ങൾ ഹനിക്കുകയാണെന്ന് ആരോപിച്ച് ഭരണകക്ഷിയായ ബി.ജെ.പിയെ ലക്ഷ്യമിട്ട് ‘ഭാരത് ജോഡോ സംവിധാൻ അഭിയാനു’മായി കോൺഗ്രസ്. 1950ൽ ഭരണഘടനാ അസംബ്ലിക്ക് മുമ്പാകെ ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ അന്തിമ കരട് അവതരിപ്പിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന നവംബർ 26ന് ‘അഭിയാൻ’ ആരംഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് സിങ് യാദവ് പറഞ്ഞു.
കാമ്പയ്ൻ നവംബർ 26ന് ഡൽഹിയിലെ തൽകോത്ര സ്റ്റേഡിയത്തിൽ തുടങ്ങി ജനുവരി 26 വരെ തുടരുമെന്നും എ.ഐ.സി.സിയുടെ ഒ.ബി.സി വിഭാഗം ചെയർമാനായ യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധി, മറ്റ് കോൺഗ്രസ് നേതാക്കൾ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ എസ്.സി-എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളാണ് കാമ്പയ്ൻ നടത്തുക.
രാജ്യത്തെ സമ്പത്തിന്റെ ഭൂരിഭാഗവും കൈവശം വെക്കുകയും ഖനികൾ, വാതക നിക്ഷേപങ്ങൾ, ജലസേചന പദ്ധതികൾ തുടങ്ങിയ സ്വത്തുക്കൾ നിയന്ത്രിക്കുകയും ചെയ്യുന്ന ഏതാനും വ്യവസായികൾക്കാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണം നേട്ടമുണ്ടാക്കുന്നതെന്ന് സിങ് ആരോപിച്ചു. ബി.ജെ.പിയുടെ അജണ്ടകളെക്കുറിച്ച് കോൺഗ്രസ് ജനങ്ങളെ ബോധവാന്മാരാക്കുമെന്നും ജാതി സെൻസസ് വേണമെന്ന പാർട്ടിയുടെ ആവശ്യം പ്രചാരണത്തിലൂടെ ഉന്നയിക്കുമെന്നും അതിനായി വിവിധ സ്ഥലങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ജാതി സെൻസസ് നടത്താതെ എല്ലാവരുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും മുൻ ഹരിയാന മന്ത്രി ആരോപിച്ചു. ആനകളുടെയും കടുവകളുടെയും കണക്കെടുപ്പ് പോലും പതിവായി വന സർവേയിലൂടെ നടത്തുന്നുണ്ടെങ്കിലും ജാതി സെൻസസ് നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന സമത്വത്തെക്കുറിച്ച് സംസാരിക്കുന്നു. പിന്നെ എന്തുകൊണ്ട് ജാതി സെൻസസ് നടത്തുന്നില്ല? സാമൂഹ്യനീതിക്കും സമത്വത്തിനും വേണ്ടി ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ പറയുന്നു. എന്നാൽ, ഈ സർക്കാർ വിരലിലെണ്ണാവുന്ന വ്യവസായികൾക്ക് മാത്രമേ നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്നുള്ളൂവെന്നും അദ്ദേഹം തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.